വാഷിംഗ്ടൺ : 2026 ജൂണിൽ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ ടിക്കറ്റ് ഉറപ്പാക്കിയ വിദേശ ആരാധകർക്ക് യു.എസ് ഭരണകൂടത്തിൻ്റെ വൻ ഇളവ്. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നത് തടയാൻ ഏർപ്പെടുത്തിയിരുന്ന 15,000 ഡോളർ (ഏകദേശം 12.5 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വരെയുള്ള വിസ ബോണ്ട് (സെക്യൂരിറ്റി ഡെപ്പോസിറ്റ്) തുകയാണ് ഔദ്യോഗികമായി ഒഴിവാക്കിയത്. ടൂർണമെൻ്റ് സുഗമമായി നടത്തുന്നതിനായി ഫിഫയുടെ (FIFA) നിരന്തരമായ ഇടപെടലുകളെ തുടർന്നാണ് വൈറ്റ് ഹൗസും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റും ഈ അനുകൂല തീരുമാനം കൈക്കൊണ്ടത്.
വിസ ബോണ്ട് എന്തുകൊണ്ട്?
താൽക്കാലിക വിസകളിൽ യു.എസിലെത്തി കാലാവധി കഴിഞ്ഞും രാജ്യം വിടാത്ത ‘വിസ ഓവർസ്റ്റേ’ (Visa Overstay) തടയുന്നതിനാണ് ട്രംപ് ഭരണകൂടം ‘വിസ ബോണ്ട് പൈലറ്റ് പ്രോഗ്രാം’ (Visa Bond Pilot Program) കർശനമാക്കിയത്. ഇതനുസരിച്ച് വിസ അനുവദിക്കുന്നതിന് മുൻപ് അപേക്ഷകർ $5,000, $10,000 അല്ലെങ്കിൽ $15,000 വരെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണമായിരുന്നു.
ലോകകപ്പിന് യോഗ്യത നേടിയ അൾജീരിയ, കേപ് വെർദെ, സെനഗൽ, ടുണീഷ്യ, ഐവറി കോസ്റ്റ് ഉൾപ്പെടെ അമ്പതോളം വികസ്വര രാജ്യങ്ങളിലെ ആരാധകരെയാണ് ഈ നിയമം പ്രതികൂലമായി ബാധിച്ചിരുന്നത്. ഡെപ്പോസിറ്റ് തുകയിലെ കടുത്ത സാമ്പത്തിക ബാധ്യത കാരണം അന്താരാഷ്ട്ര തലത്തിൽ ഹോട്ടൽ ബുക്കിംഗുകൾ കുത്തനെ കുറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
പുതിയ ഇളവുകൾ ആർക്കൊക്കെ?
യു.എസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം ടിക്കറ്റ് ഉടമകളായ ആരാധകർ (ഔദ്യോഗിക ഫിഫ വെബ്സൈറ്റ് വഴിയോ അഫിലിയേറ്റഡ് പ്ലാറ്റ്‌ഫോമുകൾ വഴിയോ ഏപ്രിൽ 15-നകം ടിക്കറ്റുകൾ വാങ്ങിയവർ), ഫിഫ പാസ് (FIFA PASS) സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ ആരാധകർക്കും, ലോകകപ്പിൽ പങ്കെടുക്കുന്ന താരങ്ങൾ, കോച്ചിംഗ് സ്റ്റാഫ്, മറ്റ് സപ്പോർട്ട് സ്റ്റാഫ്, അവരുടെ അടുത്ത കുടുംബാംഗങ്ങൾ എന്നിവരെ ബോണ്ട് വ്യവസ്ഥയിൽ നിന്ന് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.വിസ നടപടികൾ വേഗത്തിലാക്കാൻ ‘ഫിഫ പാസ്’ഇളവുകൾക്ക് പുറമെ വിദേശ ആരാധകർക്ക് വിസ അഭിമുഖത്തിനുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാൻ യു.എസ് ഭരണകൂടവും ഫിഫയും ചേർന്ന് ‘ഫിഫ പാസ്’ എന്ന പ്രത്യേക മുൻഗണനാ അപ്പോയിൻ്റ്മെൻ്റ് സിസ്റ്റം (Priority Appointment Scheduling System) അവതരിപ്പിച്ചിട്ടുണ്ട്. ടിക്കറ്റ് ഉള്ളവർക്ക് ഈ സംവിധാനത്തിലൂടെ എംബസികളിലും കോൺസുലേറ്റുകളിലും വിസയ്ക്കായി അടിയന്തിര മുൻഗണനാ അപ്പോയിൻ്റ്മെൻ്റുകൾ ലഭിക്കും.
ശ്രദ്ധിക്കേണ്ട മറ്റ് നിബന്ധനകൾ
വിസ പരിശോധന ഒഴിവാക്കിയിട്ടില്ല:- ഡെപ്പോസിറ്റ് തുക ഒഴിവാക്കിയെങ്കിലും അപേക്ഷകരുടെ പശ്ചാത്തല പരിശോധനയും കടുത്ത സുരക്ഷാ മാനദണ്ഡങ്ങളും സാധാരണ പോലെ തുടരും. യോഗ്യത തെളിയിക്കുന്നവർക്ക് മാത്രമേ വിസ അനുവദിക്കൂ.സാധാരണക്കാർക്ക് ഇളവില്ല: ലോകകപ്പ് ടിക്കറ്റില്ലാതെ ഇതേ രാജ്യങ്ങളിൽ നിന്ന് സാധാരണ ബിസിനസ്സ്, ടൂറിസ്റ്റ് (B-1, B-2) ആവശ്യങ്ങൾക്കായി യു.എസിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ ഡെപ്പോസിറ്റ് നിയമം ഇപ്പോഴും ബാധകമാണ്.മറ്റ് രാജ്യങ്ങളിലെ നിയമങ്ങൾ: ടൂർണമെൻ്റ് സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അതത് രാജ്യങ്ങളുടെ പ്രത്യേക യാത്രാ രേഖകളും വിസകളും ആവശ്യമാണ്

