Saturday, April 25, 2026
HomeAmericaതെളിവില്ല: ജെറോം പവലിനെതിരെ പ്രഖ്യാപിച്ചിരുന്ന ക്രിമിനൽ അന്വേഷണം അവസാനിപ്പിക്കാൻ യുഎസ് നീതിന്യായ വകുപ്പ്

തെളിവില്ല: ജെറോം പവലിനെതിരെ പ്രഖ്യാപിച്ചിരുന്ന ക്രിമിനൽ അന്വേഷണം അവസാനിപ്പിക്കാൻ യുഎസ് നീതിന്യായ വകുപ്പ്

വാഷിംഗ്ടൺ : യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെ പ്രഖ്യാപിച്ചിരുന്ന ക്രിമിനൽ അന്വേഷണം അവസാനിപ്പിക്കാൻ യുഎസ് നീതിന്യായ വകുപ്പ് തീരുമാനിച്ചു. ഫെഡറൽ റിസർവ് ആസ്ഥാനം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകൾ ആരോപിച്ചായിരുന്നു അന്വേഷണം നടന്നിരുന്നത്.

പവലിനെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ തക്കവണ്ണമുള്ള വ്യക്തമായ തെളിവുകൾ കണ്ടെത്താൻ പ്രോസിക്യൂട്ടർമാർക്ക് സാധിച്ചില്ലെന്ന് യുഎസ് അറ്റോർണി ജീനിൻ പിറോ അറിയിച്ചു. അന്വേഷണത്തിൽ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ നടപടികൾ അവസാനിപ്പിക്കാൻ ഫെഡറൽ ജഡ്ജി നിർദ്ദേശിച്ചു. ക്രിമിനൽ അന്വേഷണം അവസാനിപ്പിച്ചെങ്കിലും, നിർമ്മാണ പ്രവർത്തനങ്ങളിലെ പാളിച്ചകളെക്കുറിച്ച് ഫെഡ് ഇൻസ്‌പെക്ടർ ജനറൽ ആഭ്യന്തരമായ അന്വേഷണം തുടരും.

ജെറോം പവലുമായുള്ള ദീർഘകാലമായുള്ള അഭിപ്രായവ്യത്യാസങ്ങളുടെ ഭാഗമായി, ഫെഡ് കെട്ടിടങ്ങളുടെ നവീകരണ ചിലവ് പരിധി വിട്ടതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. പവലിന്റെ കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ, അദ്ദേഹത്തിന് പകരക്കാരനായി ട്രംപ് നാമനിർദ്ദേശം ചെയ്ത കെവിൻ വാർഷിനെ നിയമിക്കുന്നത് യുഎസ് സെനറ്റിന്റെ പരിഗണനയിലാണ്. എന്നാൽ പവലിനെതിരെയുള്ള അന്വേഷണം ഒഴിവാക്കാതെ വാർഷിനെ പിന്തുണയ്ക്കില്ലെന്ന നിലപാടിലായിരുന്നു പ്രമുഖ റിപ്പബ്ലിക്കൻ നേതാവ് തോം ടില്ലിസ്.

“ഫെഡറൽ റിസർവിലെ സാമ്പത്തിക കെടുകാര്യസ്ഥതയെക്കുറിച്ച് അറിയാൻ അമേരിക്കൻ നികുതിദായകർക്ക് അവകാശമുണ്ട്. ഇൻസ്‌പെക്ടർ ജനറലിന്റെ അധികാരങ്ങൾ ഉപയോഗിച്ച് ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സാധിക്കും,” എന്ന് വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി പ്രസ്താവനയിൽ പറഞ്ഞു. ഫെഡറൽ റിസർവിന്റെ വിശ്വാസ്യത വീണ്ടെടുക്കാൻ കെവിൻ വാർഷിനെ അടുത്ത ചെയർമാനായി സെനറ്റ് ഉടൻ അംഗീകരിക്കുമെന്ന ആത്മവിശ്വാസവും വൈറ്റ് ഹൗസ് പ്രകടിപ്പിച്ചു.

എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ഫെഡറൽ റിസർവ് തയ്യാറായില്ല. ഇൻസ്‌പെക്ടർ ജനറലിൻ്റെ ഓഫീസ് അന്വേഷണം സജീവമായി തുടരുകയാണെന്നും റിപ്പോർട്ട് ഉടൻ പൊതുജനങ്ങൾക്കും കോൺഗ്രസിനും ലഭ്യമാക്കുമെന്നും അറിയിച്ചു.മാസങ്ങളായി പവലിനെതിരെ രൂക്ഷമായ ആക്രമണമാണ് ട്രംപ് നടത്തുന്നത്. പലിശ നിരക്ക് കുറയ്ക്കണമെന്ന തൻ്റെ ആവശ്യം അവഗണിച്ച പവലിനെ “ബുദ്ധിശൂന്യൻ” എന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. കെട്ടിട നവീകരണത്തിന് ഫെഡ് കണക്കാക്കിയ 2.5 ബില്യൺ ഡോളറിനേക്കാൾ അധികമായി 3.1 ബില്യൺ ഡോളർ ചിലവാകുമെന്ന് കഴിഞ്ഞ വർഷം ട്രംപ് വിമർശിച്ചിരുന്നു. എന്നാൽ നവീകരണം ഭാവിയിൽ ചിലവ് കുറയ്ക്കുമെന്നാണ് ഫെഡിൻ്റെ വാദം.

ജനുവരിയിൽ പുറത്തുവിട്ട ഒരു വീഡിയോയിലൂടെ, നീതിന്യായ വകുപ്പ് തനിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ സാധ്യതയുണ്ടെന്ന് പവൽ വെളിപ്പെടുത്തിയിരുന്നു. പലിശ നിരക്ക് കുറയ്ക്കാത്തതിലുള്ള ട്രംപിൻ്റെ ദേഷ്യമാണ് ഈ അന്വേഷണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. സെൻട്രൽ ബാങ്കിൻ്റെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് പവൽ പ്രസിഡൻ്റിനെതിരെ നടത്തിയ ആദ്യത്തെ ശക്തമായ പ്രതികരണമായിരുന്നു അത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments