വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തെ ആണവായുധ സംഘർഷമാക്കി മാറ്റില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ഇറാന്, അമേരിക്കയുമായി സമാധാനകരാറിൽ എത്തിച്ചേരാനുള്ള സമയം കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജോർജ് എച്ച്ഡബ്ല്യൂ ബുഷ് പശ്ചിമേഷ്യയിൽ എത്തിയതിനിടെയാണ് ട്രംപിന്റെ പരാമർശമെന്നത് ശ്രദ്ധേയമാണ്.
ആണവായുധങ്ങൾ വിന്യസിക്കാൻ യാതൊരു പദ്ധതിയുമില്ലെന്ന് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിക്കവേ ട്രംപ് പറഞ്ഞു. പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണത്താൽ ഇതിനകംതന്നെ ഇറാനെ തകർത്തുകളഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു. ഞാൻ എന്തിന് ആണവായുധം പ്രയോഗിക്കണം?
ഞങ്ങൾ അവയില്ലാതെ തന്നെ, വളരെ പരമ്പരാഗതശൈലിയിൽ അവരെ പൂർണമായും നശിപ്പിച്ചുകഴിഞ്ഞു. ഇല്ല ഞാൻ അത് ഉപയോഗിക്കില്ല. ആണവായുധം ഉപയോഗിക്കാൻ ആരെയും അനുവദിക്കാൻ പാടുള്ളതല്ല, ട്രംപ് പറഞ്ഞു. ഹോർമുസിൽ മൈനുകൾ സ്ഥാപിക്കുന്നതിനിടെ പിടിക്കപ്പെടുന്ന ഏത് ഇറാനിയൻ ബോട്ടിനെയും തകർത്തകളയാൻ ട്രംപ് യുഎസ് നേവിക്ക് നിർദേശം നൽകിയിട്ടുണ്ട്

