വാഷിങ്ട്ടൻ : താൽക്കാലിക വെടിനിർത്തൽ അവസാനിക്കാനിരിക്കെ യുഎസുമായുള്ള സമാധാനക്കരാർ ഇനിയും അകലെയെന്ന് ഇറാൻ. യുഎസുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിലും കരാർ ഇനിയും അകലെയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫ് പറഞ്ഞു. ചില അടിസ്ഥാന ആവശ്യങ്ങളിൽ ഇനിയും വിള്ളലുകൾ അവശേഷിക്കുന്നുണ്ട്. അന്തിമ തീരുമാനത്തിൽനിന്ന് ഇപ്പോഴും ഏറെ അകലെയാണ് നമ്മൾ–ടെലിവിഷൻ സന്ദേശത്തിൽ ഖാലിബാഫ് പറഞ്ഞു. യുദ്ധരംഗത്ത് ഇറാൻ വിജയിച്ചെന്നും വെടിനിർത്തൽ അംഗീകരിച്ചത് യുഎസ് ഇറാന്റെ ആവശ്യങ്ങൾ അംഗീകരിച്ചതു കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്രയേലിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. യുഎസിന്റെ മഹത്തായ സഖ്യകക്ഷിയാണ് ഇസ്രയേലെന്ന് ട്രംപ് പറഞ്ഞു. ധീരനും വിശ്വസ്തനും ധൈര്യശാലിയുമെന്നാണ് ഇസ്രയേൽ പ്രസിഡന്റിനെ ട്രംപ് വിശേഷിപ്പിച്ചത്. ‘ജനങ്ങൾക്ക് ഇസ്രയേലിനെ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അവർ യുഎസിന്റെ മികച്ച പങ്കാളിയാണെന്ന് തെളിയിച്ചിട്ടുണ്ട്. സംഘർഷത്തിന്റെയും സമ്മർദത്തിന്റെയും സമയത്ത് തനിനിറം കാണിക്കുന്ന മറ്റുള്ളവരെപ്പോലെയല്ല. ഇസ്രയേൽ ധീരരും ധൈര്യശാലിയും വിശ്വസ്തരുമാണ്. നന്നായി പോരാടാനും എങ്ങനെ വിജയിക്കണമെന്നും ഇസ്രയേലിന് അറിയാം’ ട്രംപ് പറഞ്ഞു.

