ഇറാന്റെ കൈവശമുള്ള യുറേനിയം ഉൾപ്പെടെയുള്ള ആണവ അവശിഷ്ടങ്ങൾ പിടിച്ചെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ ബി-2 ബോംബർ വിമാനങ്ങൾ നടത്തിയ സൈനികനീക്കങ്ങളുടെ ഫലമായി രൂപപ്പെട്ട ഈ ആണവ അവശിഷ്ടങ്ങൾ കൈമാറുന്നതിനായി യാതൊരുവിധ പണമിടപാടും നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേൽ ഇനി ലെബനനിൽ ബോംബാക്രമണം നടത്തില്ലെന്നും ലെബനനിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുന്നതിൽനിന്നും ഇസ്രയേലിനെ അമേരിക്ക വിലക്കിയതായും ട്രംപ് അറിയിച്ചു. ലെബനനിലെ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അമേരിക്ക കൈകാര്യം ചെയ്യുമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയത്തെയാണ് ട്രംപ് ‘ആണവ അവശിഷ്ടങ്ങൾ’ (ന്യൂക്ലിയർ ഡസ്റ്റ്) എന്ന് വിശേഷിപ്പിച്ചത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഈ വിവരം പങ്കുവെച്ചത്

