Saturday, April 18, 2026
HomeGulfയുഎഇ ദേശീയ പതാക പതിച്ച നൂറിലേറെ സ്റ്റാംപുകൾ: യുഎഇക്ക് വ്യത്യസ്ത ആദരം...

യുഎഇ ദേശീയ പതാക പതിച്ച നൂറിലേറെ സ്റ്റാംപുകൾ: യുഎഇക്ക് വ്യത്യസ്ത ആദരം നൽകി ദുബായിലെ ഇന്ത്യൻ പ്രവാസി

ദുബായ് : യുഎഇ ഭരണാധികാരികളുടെ ആഹ്വാനപ്രകാരം രാജ്യം ദേശീയ പതാക ഉയർത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ, തന്റെ വേറിട്ട സ്റ്റാംപ് ശേഖരത്തിലൂടെ ശ്രദ്ധേയനാവുകയാണ് മലയാളി യുവാവ് ഇംതിയാസ് ഖുറേഷി. യുഎഇ ദേശീയ പതാക പതിച്ച നൂറിലേറെ സ്റ്റാംപുകളാണ് ഈ കാസർകോട് ചേരങ്കൈ സ്വദേശി തന്റെ ശേഖരത്തിൽ നിന്ന് പ്രദർശിപ്പിച്ചത്.

കഴിഞ്ഞ 20 വർഷമായി യുഎഇയിൽ താമസിക്കുന്ന ഇംതിയാസ് ഖുറേഷി സ്വകാര്യ കമ്പനിയുടെ ഡയറക്ടറാണ്. തന്റെയും കുടുംബത്തിന്റെയും വളർച്ചയ്ക്ക് തണലായ രാജ്യത്തോടുള്ള ആദരസൂചകമായാണ് ഇത്തരമൊരു പ്രദർശനം അദ്ദേഹം ഒരുക്കിയത്. തന്റെ മൂന്ന് മക്കളും ജനിച്ചതും വളർന്നതും യുഎഇയിലാണെന്നും തങ്ങൾക്ക് ഈ രാജ്യം നൽകുന്ന സുരക്ഷിതത്വത്തിന് നൽകുന്ന നന്ദിയാണ് ഈ ശേഖരമെന്നും ഇംതിയാസ് പറയുന്നു.

പത്രണ്ടാം വയസ്സിൽ മുത്തച്ഛൻ സമ്മാനിച്ച സ്റ്റാംപ് ആൽബത്തിൽ നിന്നാണ് ഇംതിയാസിന്റെ ഈ ഹോബി തുടങ്ങുന്നത്. ഇന്ന് 150-ലധികം രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാമ്പുകളും നാണയങ്ങളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. മരം, തോൽ, പട്ടുനൂൽ, ബാംബൂ, സെറാമിക് എന്നിവയിൽ നിർമിച്ച സ്റ്റാംപുകൾ, സ്വർണം, വെള്ളി, പ്ലാറ്റിനം, വജ്രം എന്നിവ പതിച്ച അപൂർവ ശേഖരങ്ങൾ, ക്രിസ്റ്റലുകൾ കൊണ്ട് അലങ്കരിച്ച സ്റ്റാംപുകൾ എന്നിവ ഇതിൽപ്പെടുന്നു.

യുഎഇ പുറത്തിറക്കിയ സ്റ്റാംപുകൾക്ക് പുറമെ ഇന്ത്യ, പാക്കിസ്ഥാൻ, സൗദി അറേബ്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ യുഎഇ പതാകയോടുള്ള ആദരസൂചകമായി പുറത്തിറക്കിയ സ്റ്റാംപുകളും ഇംതിയാസിന്റെ ശേഖരത്തിലുണ്ട്. ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്ന സ്പെഷ്യൽ കവറുകളും ഇതിൽ ഉൾപ്പെടുന്നു. യുഎഇയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ സ്വർണ ബിസ്കറ്റ് പതിച്ച എൻഎഫ്ടി സ്റ്റാംപാണ് ശേഖരത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഒന്ന്.

എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷനിലും കേരള പ്രവാസി ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് അസോസിയേഷനിലും അംഗമായ ഇംതിയാസിന് ഭാര്യ ഗസ്നയും മക്കളായ ഇഷാൻ, അയാൻ, ഈമാൻ എന്നിവരും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. 2025 കുടുംബങ്ങളുടെ വർഷമായി യുഎഇ പ്രഖ്യാപിച്ച സാഹചര്യത്തിൽ, രാജ്യത്തോടുള്ള തന്റെ കൂറും നന്ദിയും അറിയിക്കാൻ ഇതിലും നല്ലൊരു മാർഗമില്ലെന്ന് ഇംതിയാസ് വിശ്വസിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments