അബുദാബി : യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ നേരിട്ടുള്ള ക്ലാസുകളിലേക്ക് മടങ്ങുമ്പോൾ രക്ഷിതാക്കൾക്ക് പ്രധാന അറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രാലയം. സ്കൂളുകൾ തുറക്കുന്നതിന്റെ ആദ്യഘട്ടത്തിൽ സ്കൂൾ ബസ് സർവീസുകൾ ഉണ്ടായിരിക്കില്ല. പൊതു-സ്വകാര്യ മേഖലകളിലെ നഴ്സറികൾ, കിന്റർഗാർട്ടനുകൾ, സ്കൂളുകൾ എന്നിവയ്‌ക്കെല്ലാം ഈ നിയന്ത്രണം ബാധകമാണ്. കുട്ടികളെ സ്കൂളിലെത്തിക്കാനും തിരികെ കൊണ്ടുപോകാനും രക്ഷിതാക്കൾ സ്വന്തം നിലയ്ക്ക് ക്രമീകരണങ്ങൾ ചെയ്യേണ്ടി വരും. ഇത് പക്ഷേ, ഭാര്യയും ഭർത്താവും ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് ഏറെ പ്രയാസകരമാകുമെന്നാണ് റിപ്പോർട്ട്.
ഗതാഗത വകുപ്പുകൾ, മുനിസിപ്പാലിറ്റികൾ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനായി സമയം നൽകുന്നതിനാണ് ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നത്. ഈ തീരുമാനം ആഴ്ചതോറും അവലോകനം ചെയ്യുമെന്നും മാറ്റങ്ങളുണ്ടെങ്കിൽ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 20 മുതലാണ് രാജ്യത്തെ വിദ്യാലയങ്ങൾ സജീവമാകുക.
ദുബായിലെ സ്വകാര്യ നഴ്സറികൾക്കും ഏർലി ചൈൽഡ്ഹുഡ് സെന്ററുകൾക്കും ഇന്നു മുതൽ (ഏപ്രിൽ 16) ഘട്ടംഘട്ടമായി തുറന്നു പ്രവർത്തിക്കാൻ കെഎച്ച്ഡിഎ അനുമതി നൽകിയിട്ടുണ്ട്. സർക്കാർ, വാണിജ്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന നഴ്സറികൾക്കാണ് ആദ്യഘട്ടത്തിൽ അനുമതി. മറ്റു കേന്ദ്രങ്ങൾ നിശ്ചിത നിബന്ധനകളോടെ വീടുകൾ കേന്ദ്രീകരിച്ചുള്ള സേവനങ്ങളിൽ തുടരും. ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി അധ്യാപകർ നേരിട്ട് വീട്ടിലെത്തി പഠിപ്പിക്കുന്ന പുതിയ സേവനങ്ങളും കെഎച്ച്ഡിഎ അവതരിപ്പിച്ചിട്ടുണ്ട്.
രാജ്യാന്തര കരിക്കുലം പിന്തുടരുന്ന സ്കൂളുകളിലെ രക്ഷിതാക്കൾ പരീക്ഷാ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. ഇത്തവണ സിബിഎസ്ഇ, ഐഎസ്‌സി, ഐബി, കേംബ്രിഡ്ജ് തുടങ്ങിയ പ്രമുഖ ബോർഡുകളെല്ലാം യുഎഇയിലെ ബാഹ്യ പരീക്ഷകൾ റദ്ദാക്കിയിട്ടുണ്ട്. അതിനാൽ ഐജിസിഎസ്ഇ, എ ലെവൽ ഉൾപ്പെടെയുള്ള ക്ലാസുകളിലെ ഗ്രേഡുകൾ എങ്ങനെയാണ് നിശ്ചയിക്കുക എന്നതിനെക്കുറിച്ച് അതത് സ്കൂളുകളുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തണം.
സ്കൂളുകൾക്കൊപ്പം സർവകലാശാലകളും തിങ്കളാഴ്ച മുതൽ ഓഫ്‌ലൈൻ ക്ലാസുകളിലേക്ക് മടങ്ങും. പ്രായോഗിക പഠനത്തിനും ഗവേഷണങ്ങൾക്കും മുൻഗണന നൽകുന്നതിനാണ് ഈ തീരുമാനം. സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചുകൊണ്ട് അക്കാദമിക് വർഷം പൂർത്തിയാക്കാൻ അധികൃതർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുട്ടികളെ വീണ്ടും സ്കൂൾ അന്തരീക്ഷത്തിലേക്ക് മാനസികമായി സജ്ജമാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.

