Tuesday, April 14, 2026
HomeNewsയുഎസ് - ഇറാൻ യുദ്ധം: വ്യാഴാഴ്ച്ച ചർച്ചയ്ക്ക് രണ്ടാമതും നീക്കം; ചർച്ച വേദികളിൽ തീരുമാനമായില്ല

യുഎസ് – ഇറാൻ യുദ്ധം: വ്യാഴാഴ്ച്ച ചർച്ചയ്ക്ക് രണ്ടാമതും നീക്കം; ചർച്ച വേദികളിൽ തീരുമാനമായില്ല

വാഷിംഗ്ടൺ : വെടിനിർത്തൽ കാലാവധി തീരുന്നതിന് മുൻപ് യുഎസും ഇറാനും തമ്മിൽ വീണ്ടും ചർച്ചയ്ക്ക് സാധ്യത. ഇസ്‌ലാമാബാദിലെ ചർച്ച പരാജയപ്പെട്ടെങ്കിലും, ഏപ്രിൽ 21-ന് വെടിനിർത്തൽ കാലാവധി തീരുന്നതിന് മുൻപ് വീണ്ടും ചർച്ച നടന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇറാൻ നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറായാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനീവയിലോ ഇസ്‌ലാമാബാദിലോ വ്യാഴാഴ്ച ചർച്ച നടത്താനാണ് ആലോചന. ചർച്ചകൾ പുനരാരംഭിക്കാൻ നീക്കം നടക്കുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകൾ പൂർണ്ണ പരാജയമാണെന്ന് പറയാനാകില്ലെന്നും ഇറാൻ ചില കാര്യങ്ങളിൽ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു. സ്റ്റീവ് വിറ്റ്‌കോഫ്, കുഷ്നർ എന്നിവരടങ്ങുന്ന ഉന്നതതല സംഘത്തെയാണ് വാൻസ് നയിച്ചത്. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫാണ് ഇറാൻ സംഘത്തിന് നേതൃത്വം നൽകിയത്. ഇറാൻ അമേരിക്കയുടെ നിലപാടുകളോട് കുറച്ചുകൂടി അടുത്തുവെന്നും എന്നാൽ പൂർണ്ണമായൊരു കരാറിലെത്താൻ ആവശ്യമായ വിട്ടുവീഴ്ചകൾ അവർ ചെയ്തിട്ടില്ലെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വാൻസ് വ്യക്തമാക്കി. ഇനിയുള്ള നീക്കം ഇറാന്റെ ഭാഗത്തു നിന്നാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരാറിൽ എത്താതെ 21 മണിക്കൂർ നീണ്ട ചർച്ചഞായറാഴ്ച ഇസ്‌ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട ചർച്ച കരാറിൽ എത്താതെ പിരിയുകയായിരുന്നു. ആഗോള എണ്ണ വിതരണത്തെ ബാധിക്കുന്ന ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കൽ, ഇറാന്റെ ആണവ പദ്ധതി, രാജ്യാന്തര ഉപരോധങ്ങൾ തുടങ്ങിയ നിർണ്ണായക വിഷയങ്ങളാണ് ചർച്ചയിൽ ഉയർന്നു വന്നത്. ലബനനിൽ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളും ചർച്ചയിൽ ഉയർന്നുവന്നു. എന്നാൽ ഇറാന്‍റെ ആണവ പദ്ധതി 20 വർഷത്തേക്ക് മരവിപ്പിക്കണമെന്ന അമേരിക്കയുടെ പിടിവാശിയിൽ ചർച്ച വഴിമുട്ടിയെന്നാണ് റിപ്പോർട്ട്. 5 വർഷം വരെ ആണവ പദ്ധതി ഒഴിവാക്കാമെന്ന് ഇറാൻ വ്യക്തമാക്കിയതായും റിപ്പോർട്ടുണ്ട്.

സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറണമെന്ന യുഎസ്‍റെ ആവശ്യവും ഇറാൻ അംഗീകരിച്ചില്ലെന്നാണ് റിപ്പോർട്ട്. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പുതിയ ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ മേഖലയിൽ വീണ്ടും യുദ്ധം കടുക്കുമെന്ന ആശങ്ക ശക്തമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments