Tuesday, April 14, 2026
HomeEuropeഒരു രാജ്യത്തിനും ഹോർമൂസ് കടലിടുക്ക് തടയാൻ അവകാശമില്ലെന്ന് ഐക്യരാഷ്ട്രസഭ

ഒരു രാജ്യത്തിനും ഹോർമൂസ് കടലിടുക്ക് തടയാൻ അവകാശമില്ലെന്ന് ഐക്യരാഷ്ട്രസഭ

ലണ്ടൻ : അന്താരാഷ്ട്ര നാവിക ഗതാഗതത്തിന് ഉപയോഗിക്കുന്ന ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള പാതകൾ തടയാൻ ഒരു രാജ്യത്തിനും നിയമപരമായ അവകാശമില്ലെന്ന് ഐക്യരാഷ്ട്രസഭ. യുഎന്നിൻ്റെ സമുദ്രകാര്യ ഏജൻസിയായ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ (IMO) ആണ് ഇക്കാര്യം വ്യക്തമാക്കിയത്.നിലവിലെ നീക്കങ്ങൾ അപകടകരമായ കീഴ് വഴക്കമാണ് സൃഷ്ടിക്കുന്നതെന്ന് ഐഎംഒ സെക്രട്ടറി ജനറൽ ആഴ്സനിയോ ഡൊമിംഗസ് ബിബിസി റേഡിയോയോട് പറഞ്ഞു. മേഖലയിൽ സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര നിയമമനുസരിച്ച് കപ്പൽ ഗതാഗതം തടയാൻ ആർക്കും അധികാരമില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

“പ്രത്യാക്രമണങ്ങൾ വർദ്ധിക്കുന്നത് പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന 20,000-ത്തോളം കപ്പൽ ജീവനക്കാരുടെ സുരക്ഷയെ ബാധിക്കുന്നു. ഇത് ആഗോളതലത്തിൽ സാമ്പത്തിക പ്രത്യാഘാതങ്ങൾക്കും കാരണമാകും. ഈ സ്ഥിതി തുടരുന്നത് ലോകത്തെയാകെ ദോഷകരമായി ബാധിക്കും,” ഡൊമിംഗസ് കൂട്ടിച്ചേർത്തു.

ഇസ്രായേൽ-ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലെ സുരക്ഷയെക്കുറിച്ച് ആഗോളതലത്തിൽ ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് യുഎന്നിൻ്റെ ഈ പ്രതികരണം.

സൗദി അറേബ്യ, ഇറാൻ, യു.എ.ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളെയും ഒമാൻ ഉൾക്കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന അതിപ്രധാനമായ ഒരു സമുദ്രപാതയാണ് ഹോർമുസ് കടലിടുക്ക് . പേർഷ്യൻ ഗൾഫിനും ഒമാൻ ഉൾക്കടലിനും ഇടയിലായി ഇത് സ്ഥിതിചെയ്യുന്നു. ഇതിന്റെ ഒരറ്റത്ത് ഇറാനും മറുഭാഗത്ത് ഒമാനും യു.എ.ഇയുമാണ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയാണിത്.

ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ക്രൂഡ് ഓയിലിന്റെ ഏകദേശം അഞ്ചിലൊന്ന് (20%) ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. വെറും 33 കിലോമീറ്റർ മാത്രം വീതിയുള്ള ഭാഗങ്ങൾ ഇതിനുണ്ട്. അതിനാൽ തന്നെ ഈ പാത തടസ്സപ്പെട്ടാൽ ആഗോള എണ്ണവില കുതിച്ചുയരുകയും ലോക സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുകയും ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments