Wednesday, April 15, 2026
HomeUncategorizedഇസ്രായേലിനെതിരെ സൈനിക ഭീഷണിയുമായി തുർക്കി

ഇസ്രായേലിനെതിരെ സൈനിക ഭീഷണിയുമായി തുർക്കി

അങ്കാറ : പാകിസ്താനിൽ നടന്ന യു.എസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ ഇസ്രായേലിനെതിരെ സൈനിക ഭീഷണിയുമായി തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. രക്തദാഹിയായ നെതന്യാഹു സമാധാന ചർച്ചകളെ അട്ടിമറിക്കുകയാണെന്നും, ലബനാനിലെ നിരപരാധികളെ കൊന്നൊടുക്കുന്നത് ഇസ്രായേൽ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെറുപ്പും വിദ്വേഷവും കൊണ്ട് അന്ധനായി തീർന്ന നെതന്യാഹു ആധുനിക കാലത്തെ ഹിറ്റ്‌ലറായി മാറിയെന്ന് ഉർദുഗാൻ വിശേഷിപ്പിച്ചു. തുർക്കിയിൽ നടന്ന രാഷ്ട്രീയ പരിപാടിയിൽ സംസാരിക്കവെയായിരുന്നു ഇസ്രായേൽ നടപടിയെ പ്രസിഡന്റ് രൂക്ഷമായി വിമർശിച്ചത്.

ഇസ്രായേലിൽ സൈനികമായി ഇടപെടാൻ തുർക്കി മടിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് പ്രസിഡന്റ് നൽകിയത്. ഇസ്രായേലിനെ നിലക്ക് നിർത്താൻ തുർക്കിക്ക് സാധിക്കുമെന്നും ഉർദുഗാൻ വ്യക്തമാക്കി. പാകിസ്താൻ മധ്യസ്ഥത വഹിച്ചില്ലായിരുന്നെങ്കിൽ ഇസ്രായേലിനെ നിലക്കുനിർത്തിയേനെയെന്നും ഉർദുഗാൻ വ്യക്തമാക്കി. ‘നേരത്തെ നമ്മൾ ലിബിയയിൽ പ്രവേശിച്ചു, കരാബാക്കിലും നമ്മൾ അത് ചെയ്തു. അതുപോലെ ഇസ്രായേലിലും നമുക്ക് കടന്നുചെല്ലാം. അത് ചെയ്യാതിരിക്കാൻ ഒരു കാരണവുമില്ല. ഇത്തരമൊരു നീക്കത്തിന് രാജ്യത്തിന്റെ കരുത്തും ഐക്യവും അനിവാര്യമാണ്’ -അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാന കരാറുകൾ അട്ടിമറിക്കുന്ന ഇസ്രായേലിന്റെ നയങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ജാഗ്രത പാലിക്കണമെന്നും തുർക്കിയ ആവശ്യപ്പെട്ടു.

എന്നാൽ, ഉർദുഗാന്റെ പ്രസ്താവനക്കെതിരെ കടുത്ത ഭാഷയിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു പ്രതികരിച്ചത്. സ്വന്തം രാജ്യത്തെ കുർദ് വംശജരെ കൂട്ടക്കൊല ചെയ്യുന്ന ഉർദുഗാൻ തങ്ങളെ പഠിപ്പിക്കേണ്ടതില്ലെന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി. ഇറാൻ സ്പോൺസർ ചെയ്യുന്ന ഭീകരവാദത്തെ ഇസ്രായേൽ തകർക്കുമെന്നും നെതന്യാഹു ആരോപിച്ചു. പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും തുർക്കിയക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇസ്‍ലാമാബാദിൽ ആരംഭിച്ച യു.എസ്-ഇറാൻ ചർച്ചകൾ 21 മണിക്കൂർ നീണ്ടുനിന്നെങ്കിലും ഫലപ്രദമായ തീരുമാനങ്ങളൊന്നുമില്ലാതെ പിരിയുകയായിരുന്നു. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും ഇറാൻ പ്രതിനിധികളും തമ്മിലായിരുന്നു ചർച്ചകൾ.യുദ്ധം തടയാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ പരാജയപ്പെടുന്നത് പശ്ചിമേഷ്യയെ വലിയൊരു പ്രാദേശിക യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ലബനാനിലെ ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നതും തുർക്കിയയുടെ നേരിട്ടുള്ള യുദ്ധഭീഷണിയും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുകയാണ്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ICC) അറസ്റ്റ് വാറന്റ് നിലനിൽക്കെ തന്നെ നെതന്യാഹു, സമാധാന നീക്കങ്ങളെ അട്ടിമറിക്കുന്നത് തന്റെ രാഷ്ട്രീയ അധികാരം നിലനിർത്താനാണെന്ന് തുർക്കിയ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

ഗസ്സയിലെ ഇസ്രായേൽ നടപടികളെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തുർക്കിയ പ്രസിഡന്റിന്റെ ഭീഷണി. നേരത്തെയും പലതവണ നെതന്യാഹുവിനെതിരെ ഉർദുഗാൻ രംഗത്തെത്തിയിട്ടുണ്ടെങ്കിലും നേരിട്ടുള്ള സൈനിക ഇടപെടൽ സൂചിപ്പിക്കുന്ന പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments