Wednesday, April 15, 2026
HomeNewsപണിക്ക് മറുപണി നൽകി ഇറാൻ: ചെങ്കടലിൽ ബാബ് അൽ മന്ദബ് പൂട്ടാൻ ഇറാൻ, ലോകരാജ്യങ്ങൾക്കും ആശങ്ക

പണിക്ക് മറുപണി നൽകി ഇറാൻ: ചെങ്കടലിൽ ബാബ് അൽ മന്ദബ് പൂട്ടാൻ ഇറാൻ, ലോകരാജ്യങ്ങൾക്കും ആശങ്ക

ടെഹ്റാൻ : ഇസ്ലാമാബാദിലെ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ പ്രവേശിക്കുന്നത് തടയുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ശക്തമായ മറുപടിയുമായി ഇറാൻ. ഹോർമുസിൽ നിയന്ത്രണമേർപ്പെടുത്തിയാൽ ചെങ്കടലിലെ ബാബ് അൽ മന്ദബ് ലക്ഷ്യമിട്ട് തിരിച്ചടി നൽകുമെന്നാണ് ഇറാൻ മാധ്യമങ്ങൾ നൽകുന്ന സൂചന.

ബാബ് അൽ മന്ദബ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ നേരത്തെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഈ നിലപാട് രാജ്യാന്തര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ചെങ്കടലിൽ ഹൂതി വിമതരും അമേരിക്കയും തമ്മിൽ ഏറെ നാളായി തുടർന്നിരുന്ന സംഘർഷം ഈയിടെയാണ് അവസാനിച്ചത്. ഇത് കപ്പൽ സഞ്ചാരത്തിന് ആശ്വാസമേകി വരുന്നതിനിടെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള പുതിയ ഭീഷണി.

ഹോർമുസിന് പകരം ബാബ് അൽ മന്ദബ് തടയുമെന്ന ഇറാന്റെ പ്രഖ്യാപനം ചെങ്കടലിലെ സുരക്ഷാ ക്രമീകരണങ്ങളെ വീണ്ടും വെല്ലുവിളിക്കുന്നതാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് മുറുകുന്നത് പശ്ചിമേഷ്യയിൽ പുതിയ യുദ്ധമുഖം തുറന്നേക്കുമെന്ന ഭീതി വർദ്ധിപ്പിക്കുന്നു.

ഹോർമൂസിൽ കടുംപിടുത്തം തുടരുന്ന ഇറാനെ അതേനീക്കം കൊണ്ട് വെട്ടാനാണ് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്‍റെ പുതിയ വെല്ലുവിളി. കപ്പലുകളിൽ നിന്ന് ഇറാൻ പണം പിരിക്കുന്നത് തടയാൻ, കപ്പലുകളെ ഹോർമൂസിൽ പ്രവേശിക്കുന്നതിൽ നിന്ന് തന്നെ തടയുമെന്നാണ് വെല്ലുവിളി. ഇത് അന്താരാഷ്ട്ര ജലപാതകളെയും സമുദ്ര മേഖലയെയും സംഘർഷത്തിൽ മുക്കുമെന്ന് ഉറപ്പാണ്.

അതിനിടെ ഇറാനും അമേരിക്കയ്ക്കും ഇടയിലെ സംഘർഷത്തിൽ സമാധാനം സാധ്യമാക്കാനായി മധ്യസ്ഥത വഹിക്കാമെന്ന് റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ വ്യക്തമാക്കി. മധ്യസ്ഥ റോളിലേക്ക് ഒരു വൻശക്തിയെത്തുന്നത് യുദ്ധ സാഹചര്യം ഒഴിവാക്കാൻ സഹായകമായേക്കുമെന്നാണ് വിലയിരുത്തൽ. ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ യു എന്നിലുൾപ്പടെ അരയും തലയും മുറുക്കി നിന്ന റഷ്യയാണ് പ്രശ്നപരിഹാരത്തിന് ഇടപെടാമെന്ന വാഗ്ദാനം ലോകം പ്രതീക്ഷയോടെയാണ് കാണുന്നത്. ഇറാന്‍റെ യുറേനിയം തങ്ങൾ സൂക്ഷിക്കാമെന്നതുൾപ്പടെ ഫോർമുലകളും മുന്നോട്ടു വെച്ചിട്ടുണ്ട്.

ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാനുമായി പുടിൻ ഇന്നലെ ഫോണിൽ സംസാരിച്ചിരുന്നു. മേഖലയിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനായി മധ്യസ്ഥത വഹിക്കാമെന്ന് വാഗ്ദാനം ചെയ്ത അദ്ദേഹം, സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

പാകിസ്ഥാനിലെ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ റഷ്യയുടെ മധ്യസ്ഥ ശ്രമം ഇറാൻ – അമേരിക്ക സംഘർഷത്തിൽ നിർണായകമായേക്കും. ഇറാന് സമ്മതമുള്ള റഷ്യൻ മധ്യസ്ഥതക്ക് അമേരിക്ക കൂടി കൈകൊടുത്താൽ അത് ചരിത്രമാകും. ഇസ്ലാമാബാദിൽ നടന്ന ചർച്ച പരാജയപ്പെട്ടെങ്കിലും സമാധാന ശ്രമങ്ങൾ തുടരുമെന്ന് പാക്കിസ്ഥാനും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വേദനാജനകമയ വിട്ടുവീഴ്ച്ചകൾ അമേരിക്കയും ഇറാനും തയ്യാറാകണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments