Monday, March 30, 2026
HomeAmericaപശ്ചിമേഷ്യൻ സംഘർഷം: അമേരിക്കയുമായി ചർച്ചകൾക്ക് ഇറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ

പശ്ചിമേഷ്യൻ സംഘർഷം: അമേരിക്കയുമായി ചർച്ചകൾക്ക് ഇറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ

അമേരിക്ക- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനും തിരിച്ചടിക്കവേ പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള ‘ഇസ്‌ലാമാബാദ് ഇനിഷ്യേറ്റീവ്’ ഫലം കാണുന്നതായി റിപ്പോർട്ട്. പാകിസ്താൻ മുഖേന അമേരിക്കയുമായി മധ്യസ്ഥ ചർച്ചകൾക്ക് ഇറാൻ സമ്മതം മൂളിയതായാണ് റിപ്പോർട്ടുകൾ. മേഖലയിലെ സംഘർഷങ്ങളിൽ താൽക്കാലിക വെടിനിർത്തലോ അല്ലെങ്കിൽ ആക്രമണങ്ങളിൽ നിന്ന് ഒരു ഇടവേളയോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഇസ്ലാമാബാദിൽ മാർച്ച് 29, 30 തീയതികളിലായി നടക്കുന്ന ഉന്നതതല യോഗത്തിൽ പാകിസ്‌താൻ, സൗദി അറേബ്യ, തുർക്കി, ഈജിപ്‌ത് എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. അമേരിക്കയുമായുള്ള ചർച്ചകളിൽ ചേരുന്നതിന് അഞ്ച് പ്രധാന നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇറാനെതിരായ ആക്രമണങ്ങൾ ഉടനടി നിർത്തണമെന്നും, ഭാവിയിൽ അമേരിക്കയോ ഇസ്രയേലോ സൈനിക നടപടികൾ നടത്തില്ലെന്ന് ഉറപ്പുനൽകണമെന്നുമാണ് ഇറാന്റെ പ്രാഥമിക ആവശ്യം.

പാകിസ്‌താൻ, സൗദി അറേബ്യ, ഈജിപ്‌ത്, തുർക്കി എന്നീ മധ്യസ്ഥത വഹിക്കുന്ന നാല് രാജ്യങ്ങളിൽ നിന്നും ഇറാൻ സുരക്ഷാ ഉറപ്പുകൾ തേടിയിട്ടുണ്ട്. നാല് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കുന്ന ചർച്ചകളിൽ ഇറാന്റെ നിബന്ധനകളും മധ്യസ്ഥതയ്ക്കുള്ള റോഡ്‌മാപ്പും പ്രധാന വിഷയമാകും. രാജ്യം ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കാൻ ഈ രാജ്യങ്ങൾ സജീവമായി ഇടപെടണമെന്നാണ് ഇറാൻ്റെ ആവശ്യം. ഈ രാജ്യങ്ങളുടെ ഭൗമരാഷ്ട്രീയ സ്വാധീനവും ഹോർമുസ് കടലിടുക്ക് വഴിയുള്ള വ്യാപാര തടസ്സങ്ങളും പരിഗണിക്കുമ്പോൾ ചർച്ചകൾക്ക് നേതൃത്വം നൽകാൻ ഇവർക്ക് വലിയ പങ്കുവഹിക്കാൻ സാധിച്ചേക്കും.

പാകിസ്‌താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയനുമായി വിശദമായ ടെലിഫോൺ സംഭാഷണം നടത്തി. പിരിമുറുക്കം കുറയ്ക്കുന്നതിനും സുരക്ഷാ ഉറപ്പുകൾ ഉറപ്പാക്കുന്നതിനും പാകിസ്താന്റെ പൂർണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. കൂടാതെ, പാകിസ്‌താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചിയുമായും കൂടിക്കാഴ്ചയുടെ അജണ്ടയെക്കുറിച്ച് ചർച്ചകൾ നടത്തിക്കഴിഞ്ഞു.

അമേരിക്കയിൽ നിന്ന് കൃത്യമായ ഉറപ്പുകൾ വാങ്ങാൻ ഈ ഗ്രൂപ്പിന് സാധിച്ചാൽ, ഉടൻ തന്നെ ഒരു താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയുടെ നിർദ്ദേശത്തിന് ഇറാൻ ഇതിനോടകം തന്നെ മറുപടി നൽകിയിട്ടുണ്ടെങ്കിലും, നേരിട്ടുള്ള ചർച്ചകളെക്കുറിച്ച് ഇറാൻ പരസ്യമായി പ്രതികരിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments