Sunday, March 29, 2026
HomeAmericaഇറാനിൽ കരയുദ്ധത്തിന് യു.എസ് തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ

ഇറാനിൽ കരയുദ്ധത്തിന് യു.എസ് തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ

വാഷിങ്ടൺ : ഇറാനിൽ ആഴ്ചകൾ നീളുന്ന കരയുദ്ധത്തിന് യു.എസ് തയാറെടുക്കുന്നതായി റിപ്പോർട്ട്. യു.എസ് സൈനികരെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ‘ദ് വാഷിങ്ടൺ പോസ്റ്റാ’ണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.പൂർണമായ സൈനിക നീക്കം ആയിരിക്കില്ല. പ്രത്യേക സേന വിഭാഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണമായിരിക്കുമെന്നാണ് വിവരം. ഇറാന്‍റെ തന്ത്രപ്രധാന മേഖലയായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതും ഹുർമുസ് കടലിടുക്ക് നിയന്ത്രണത്തിലാക്കുന്നതും ഓപറേഷന്‍റെ ഭാഗമാകും. യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പെന്‍റഗണിന്‍റെ പദ്ധതിക്ക് അനുമതി നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

അതിനിടെ, യു.എസ് നാവികസേനയുടെ ആധുനിക ആംഫീബിയസ് യുദ്ധകപ്പലായ യു.എസ്.എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ എത്തിച്ചേർന്നതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. 2500 മറീനുകൾ ഉൾപ്പടെ 3500ലധികം സൈനികരാണ് കപ്പലിലുള്ളത്. കരയിലും കടലിലും സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകാനായി രൂപകൽപന ചെയ്ത യു.എസ്.എസ് ട്രിപ്പോളി മേഖലയിലേക്ക് എത്തിയതോടെയാണ് കരയുദ്ധത്തിനുള്ള സാധ്യത വർധിപ്പിച്ചത്. എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ ഉൾപ്പടെയുള്ള യുദ്ധോപകരണങ്ങളും സൈനിക വാഹനങ്ങളും കപ്പലിലുണ്ട്.

അതേസമയം, ഇറാന്റെ മണ്ണിൽ പാദം വെക്കുന്ന ഏതൊരു അമേരിക്കൻ സൈനികനും ശവപ്പെട്ടിയിൽ മടങ്ങേണ്ടി വരുമെന്നാണ് ഇറാൻ സൈന്യം മുന്നറിപ്പ് നൽകിയത്.’തെഹ്റാൻ ടൈംസി’ൽ ‘നരകത്തിലേക്ക് സ്വാഗതം’ (Welcome To Hell) എന്ന തലക്കെട്ടോടെ ഒന്നാം പേജിൽ നൽകിയ വാർത്തയിലൂടെയാണ് അമേരിക്കയുടെ സൈനിക നീക്കങ്ങൾക്കെതിരെ ഇറാൻ രംഗത്തെത്തിയത്. മിഡിൽ ഈസ്റ്റിലേക്ക് പതിനായിരത്തോളം അധിക സൈനികരെ കൂടി വിന്യസിക്കാൻ അമേരിക്ക ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണിത്. സമാധാന ചർച്ചകൾക്കിടയിലും ഇറാനു ചുറ്റുമുള്ള സൈനിക സാന്നിധ്യം വർധിപ്പിക്കാനുള്ള ട്രംപിന്‍റെ നീക്കം കരയുദ്ധത്തിനുള്ള സൂചന നൽകിയിരുന്നു. 31-ാമത് മറൈൻ എക്സ്പെഡിഷണറി യൂനിറ്റിൽനിന്ന് 3,500 സൈനികർ പശ്ചിമേഷ്യയിൽ എത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ സൈനികർ മേഖലയിലേക്ക് എത്തും

ഇറാൻ കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട ട്രംപ്, ഹുർമുസ് കടലിടുക്ക് തടസ്സപ്പെടുത്തുന്നത് തുടർന്നാൽ രാജ്യത്തിന് നരകം കാണേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, ഇസ്രായേലിലേക്ക് യമനിലെ വിമത ഭരണപക്ഷമായ ഹൂതികൾ വീണ്ടും മിസൈലുകൾ അയച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹൂതികൾ മിസൈൽ ആക്രമണം നടത്തുന്നത്. ഇറാൻ അനുകൂല ഹൂതികൾ കൂടി യുദ്ധത്തിൽ പങ്കാളികളായതോടെ മേഖലയിലെ സംഘർഷം കൂടുതൽ വ്യാപിക്കുമെന്ന് ഉറപ്പായി. മധ്യപൂർവദേശത്തെ യു.എസ് സർവകലാശാലകൾ ലക്ഷ്യമിടുമെന്ന് ഇറാൻ റവലൂഷനറി ഗാർഡ് (ഐ.ആർ.ജി.സി) മുന്നറിയിപ്പ് നൽകി. യു.എസ്-ഇസ്രായേൽ സഖ്യം ഇറാനിലെ സർവകലാശാലകൾ ആക്രമിച്ചതിനു പിന്നാലെയാണ് ഇറാന്‍റെ ഭീഷണി. ഇറാനിൽ കരയുദ്ധത്തിന് തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ മേഖലയിലേക്ക് കൂടുതൽ യു.എസ് സൈന്യവും എത്തുന്നത് ആശങ്ക വർധിപ്പിച്ചു. ഇസ്രായേലിലേക്ക് മിസൈലുകളും ഡ്രോണുകളും അയച്ച ഹൂതികൾ, വരുംദിവസങ്ങളിലും ആക്രമണം തുടരുമെന്ന് വ്യക്തമാക്കി. ഇറാനുനേരെയുള്ള സൈനിക നടപടി തുടർന്നാൽ വരുംദിവസങ്ങളിൽ കൂടുതൽ ആക്രമണം നടത്തുമെന്നും ഹൂതികൾ മുന്നറിയിപ്പ് നൽകി.

ശനിയാഴ്ചയാണ് ഇസ്രായേലിലേക്ക് മിസൈലയച്ച് ഹൂതികൾ ആദ്യമായി യുദ്ധത്തിൽ പങ്കാളികളായത്. മിസൈൽ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി ഇസ്രായേൽ അറിയിച്ചു. യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ ഇറാനിലെ രണ്ടു സർവകലാശാലകൾക്ക് വലിയ നാശനഷ്ടം നേരിട്ടിരുന്നു. പിന്നാലെയാണ് മേഖലയിലെ യു.എസ് സർവകലാശാലകളും ആക്രമിക്കുമെന്ന് ഐ.ആർ.ജി.സി മുന്നറിയിപ്പ് നൽകിയത്. മേഖലയിലെ യു.എസ് സർവകലാശാലകളെ ആക്രമിക്കാതിരിക്കണമെങ്കിൽ തിങ്കളാഴ്ച തെഹ്റാൻ സമയം ഉച്ചക്ക് 12 മണിക്ക് മുമ്പായി ഇറാനിലെ സർവകലാശാലകൾക്കുനേരെ നടത്തിയ ആക്രമണത്തെ യു.എസ് ഭരണകൂടം അപലപിക്കണമെന്ന് സൈന്യത്തെ ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മേഖലയിലെ അമേരിക്കൻ സർവകലാശാലകളിലെ ജീവനക്കാരോടും വിദ്യാർഥികളോടും അധ്യാപകരോടും കാമ്പസിന്‍റെ ഒരുകിലോമീറ്റർ ദൂരത്തേക്ക് മാറി താമസിക്കണമെന്നും നിർദേശം നൽകി. ഖത്തറിലെ ടെക്സസ് എ ആൻഡ് എം യൂനിവേഴ്സിറ്റി, യു.എ.ഇയിലെ ന്യൂയോർക്ക് യൂനിവേഴ്സിറ്റി തുടങ്ങി നിരവധി അമേരിക്കൻ സർവകലാശാലകൾക്ക് ഗൾഫ് മേഖലയിൽ കാമ്പസുകൾ ഉണ്ട്. യു.എസ്-ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ തെഹ്റാനിന്‍റെ വടക്കുകിഴക്ക് ഭാഗത്തുള്ള സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിൽ വലിയ നാശം വരുത്തിയിരുന്നു.

ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്‍റെ ആക്രമണം തുടരുകയാണ്. ഇസ്രായേലിലെ റഡാർ കേന്ദ്രം ഉൾപ്പെടെ വിവിധ വ്യവസായ കേന്ദ്രങ്ങൾ തകർത്തതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. കൂടാതെ, യു.എസിന്‍റെ എം.ക്യു9 നിരീക്ഷണ ഡ്രോൺ വെടിവെച്ചിട്ടതായും എഫ് -16 യുദ്ധവിമാനത്തെ ആക്രമിച്ചതായും ഇറാൻ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments