കാൻബറ : ഇറാനിലെ നിലവിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ചർച്ചകൾ ആരംഭിക്കേണ്ട സമയമായെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്ൻ. ലോകമെമ്പാടുമുള്ള ഊർജ്ജ വിതരണത്തെ ഈ സാഹചര്യം മോശമായി ബാധിക്കുന്നുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അവർ.
“ലോകത്തെ ഊർജ്ജ വിതരണം അതീവ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഗ്യാസ്, ഇന്ധന വിലകളിലുണ്ടാകുന്ന വർദ്ധനവ് നമ്മുടെ ബിസിനസ് മേഖലയെയും സമൂഹത്തെയും ബാധിക്കുന്നുണ്ട്. അതിനാൽ, മിഡിൽ ഈസ്റ്റിലെ ശത്രുത അവസാനിപ്പിക്കാൻ ചർച്ചകളിലൂടെയുള്ള ഒരു പരിഹാരം അത്യന്താപേക്ഷിതമാണ്,” ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു.
ഗൾഫ് മേഖലയിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും കപ്പലുകൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാൻ എത്രയും വേഗം ചർച്ചകൾ ആരംഭിക്കണമെന്ന് അവർ ആഹ്വാനം ചെയ്തു.

