Friday, March 20, 2026
HomeNewsനിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 100 സീറ്റുകൾ ലഭിക്കും: അല്ലാത്തപക്ഷം രാഷ്ട്രീയ വനവാസമെന്ന് വീണ്ടും...

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 100 സീറ്റുകൾ ലഭിക്കും: അല്ലാത്തപക്ഷം രാഷ്ട്രീയ വനവാസമെന്ന് വീണ്ടും വിഡി സതീശൻ

പറവൂർ : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 100 സീറ്റുകളിൽ കൂടുതൽ ലഭിക്കുമെന്നും അല്ലാത്തപക്ഷം താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറവൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുക്കൊണ്ട് വരാപ്പുഴയിൽ നടന്ന റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് വിജയത്തിൽ തനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയ സതീശൻ, മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഏകാധിപത്യ ഭരണത്തിനെതിരെ സിപിഎമ്മിനുള്ളിൽ തന്നെ വലിയ അമർഷം പുകയുകയാണെന്നും ആരോപിച്ചു. നിരവധി സിപിഎം നേതാക്കൾ യുഡിഎഫിന് വേണ്ടി മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസിലെ അർഹരായവർക്ക് തന്നെ സീറ്റ് നൽകാൻ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് കൂടുതൽ ‘വിസ്മയങ്ങൾ’ വേണ്ടെന്ന് വെച്ചതെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, എല്ലാ പ്രശ്നങ്ങളും പരിഹരിച്ചാണ് ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയതെന്ന് അദ്ദേഹം മറുപടി നൽകി. “കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. അവിടെ വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമാണ്. സതീശനോ സണ്ണി ജോസഫോ പറഞ്ഞാൽ മാത്രം കാര്യങ്ങൾ നടക്കുന്ന രീതിയല്ല കോൺഗ്രസിൻ്റേത്. സ്ഥാനാർത്ഥി നിർണ്ണയം വൈകുന്നു എന്ന ആക്ഷേപങ്ങളിൽ കഴമ്പില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

അർഹരായ പലർക്കും സീറ്റ് ലഭിച്ചിട്ടില്ലെന്ന വസ്തുത അംഗീകരിക്കുന്നുവെന്നും എന്നാൽ വരും ദിവസങ്ങളിൽ എല്ലാവരെയും ഏകോപിപ്പിച്ച് കൂട്ടായ പ്രവർത്തനത്തിലൂടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments