വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാൻ്റെ ഭൂഗർഭ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക ശക്തമായ ബോംബാക്രമണം നടത്തി. അതിശക്തമായ കോൺക്രീറ്റ് കവചങ്ങൾ ഭേദിക്കാൻ ശേഷിയുള്ള 5,000 പൗണ്ട് ഭാരമുള്ള ‘ബങ്കർ ബസ്റ്റർ’ ബോംബുകളാണ് യുഎസ് വിമാനങ്ങൾ വർഷിച്ചത്. ചൊവ്വാഴ്ചയായിരുന്നു ആക്രമണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ഭീഷണി തടയുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി. സാധാരണയായി ഉപയോഗിക്കുന്ന 2,000 പൗണ്ട് ബോംബുകളേക്കാൾ ഇരട്ടിയിലധികം പ്രഹരശേഷിയുള്ളതാണ് ഇപ്പോൾ പ്രയോഗിച്ച ‘ഡീപ് പെനട്രേറ്റർ’ മുനകളുള്ള ഈ ബോംബുകൾ. ഭൂമിക്കടിയിൽ ആഴത്തിൽ സ്ഥിതി ചെയ്യുന്ന സുരക്ഷിതമായ മിസൈൽ താവളങ്ങളെ തകർക്കാൻ ഇവയ്ക്ക് സാധിക്കും.
ഇറാൻ്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കഴിഞ്ഞ ജൂണിൽ 30,000 പൗണ്ട് ഭാരമുള്ള ‘മാസീവ് ഓർഡനൻസ് പെനട്രേറ്റർ’ എന്ന വമ്പൻ ബോംബ് അമേരിക്ക ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും തന്ത്രപ്രധാനമായ മേഖലയിൽ യുഎസ് ശക്തമായ സൈനിക നീക്കം നടത്തിയിരിക്കുന്നത്. മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ആക്രമണം അതീവ ഗൗരവത്തോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.

