തെഹ്റാൻ : ലബനനിലും ഇറാനിലും വ്യാപക ആക്രമണം തുടരുന്നതിനിടെ പശ്ചിമേഷ്യയിൽ കരുനീക്കം തകൃതിയാക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ടാഴ്ച കഴിഞ്ഞും അടഞ്ഞുകിടക്കുന്ന ഹുർമുസ് വഴി എണ്ണക്കടത്ത് സുഗമമാക്കാൻ ട്രംപ് മറ്റു രാജ്യങ്ങളുടെ സഹായം തേടി.
ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യു.കെ അടക്കം രാജ്യങ്ങൾ ഇവിടേക്ക് യുദ്ധക്കപ്പലുകൾ അയക്കാൻ സന്നദ്ധത അറിയിച്ചതായും നിലവിൽ ഇറാനുമായി കരാറിനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹുർമുസ് സംരക്ഷണത്തിനായി 2500 യു.എസ് മറീനുകളെ യു.എസ് വിന്യസിക്കുന്നുണ്ട്. യു.എസ്.എസ് ട്രിപളിയും ഇവിടേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇറാന്റെ 100 ശതമാനം സൈനിക ശേഷിയും ബോംബിട്ട് തകർത്തതായി ട്രംപ് അവകാശപ്പെട്ടു.
എന്നാൽ, ഇറാൻ നാവിക സേനയെ തകർത്തെന്നു പറയുന്നവർ ആദ്യം എണ്ണ ടാങ്കറുകൾക്ക് അകമ്പടി നൽകുകയും പിറകെ വിദേശ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകൾ അയക്കാൻ ആവശ്യപ്പെടുകയുമാണെന്ന് ഇറാൻ റെവലൂഷനറി ഗാർഡ്സ് നാവിക മേധാവി അലി റിസ തങ്ക്സീരി പ്രതികരിച്ചു. ശത്രു രാജ്യങ്ങളുടെ ടാങ്കറുകൾ മാത്രമേ ആക്രമിക്കൂവെന്നും ഹുർമുസ് അടച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യൻ ടാങ്കറുകൾക്ക് ഇളവുണ്ടാകുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്ഹ് അലി പറഞ്ഞിരുന്നു.
അതിനിടെ, ഇറാനിലെ ഇസ്ഫഹാനിൽ ഞായറാഴ്ച പുലർച്ചെ ഇസ്രായേൽ ബോംബിങ്ങിൽ 16 പേരുടെ മരണം സ്ഥിരീകരിച്ചു. ഇറാനിൽ തലസ്ഥാനമായ തെഹ്റാനിലും ഷീറാസിലും വ്യാപക ബോംബിങ് റിപ്പോർട്ട് ചെയ്തു. കൂട്ട കുടിയൊഴിപ്പിക്കൽ തുടരുന്ന തെക്കൻ ലബനാനിൽ ഇസ്രായേൽ ബോംബിങ്ങിൽ നാലു മരണം സ്ഥിരീകരിച്ചു. ഹമാസ് നേതാവ് വിസാം ത്വാഹ സിഡോണിലെ ബോംബിങ്ങിൽ കൊല്ലപ്പെട്ടു.
തലസ്ഥാനമായ തെൽ അവീവിന് പുറമെ തെക്കൻ ഇസ്രായേലിലെ ഈലാത്ത്, നഹരിയ, ഗലീലി എന്നിവിടങ്ങളിലെല്ലാം ഇറാൻ മിസൈലുകൾ പതിച്ചു. തെൽഅവീവിൽ ബനീ ബ്രാക്, റാമത് ഗാൻ എന്നിവിടങ്ങളിൽ കെട്ടിടങ്ങൾക്ക് മുകളിൽ മിസൈൽ പതിച്ച് രണ്ടു പരിക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ ആദ്യമായി സിജ്ജീൽ മിസൈലുകൾ തൊടുത്തതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം യു.എസ് ആക്രമണമുണ്ടായ ഇറാന്റെ എണ്ണ കേന്ദ്രം ഖാർഗ് ദ്വീപിൽനിന്ന് കപ്പലുകൾ എണ്ണ കയറ്റുന്നതായി ഉപഗ്രഹചിത്രങ്ങൾ സ്ഥിരീകരിച്ചു. അഞ്ചെണ്ണത്തിൽ എണ്ണ നിറക്കൽ പൂർത്തിയായെന്നും രണ്ടെണ്ണം കാത്തിരിക്കുകയാണെന്നും ഒന്നിൽ നിറച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു.
മേഖലയിലെ വിഷയങ്ങൾ ചർച്ചചെയ്യാൻ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജർറാഹ് ജാബിർ അൽഅഹ്മദ് ആൽ സബാഹ് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനിയുമായി ടെലിഫോണിൽ ആശയവിനിമയം നടത്തി. ഈജിപ്ത് വിദേശകാര്യ മന്ത്രി ബദ്ർ അബ്ദുല്ലാത്തി ഖത്തർ തലസ്ഥാനമായ ദോഹയിലെത്തി.

