വാഷിങ്ടൺ : ഇറാന് നേരെയുള്ള ഇസ്രായേൽ -യു.എസ് ആക്രമണം പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചതോടെ സമാധാന ചർച്ചക്ക് സന്നദ്ധമാണെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇറാനിലെ പുതിയ നേതൃത്വം തന്റെ ഭരണകൂടവുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിന് താനും ഒരുക്കമാണെന്നും ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ട്.“അവർ സംസാരിക്കാൻ ആഗ്രഹിക്കുന്നു, ഞാനും സംസാരിക്കാൻ സമ്മതിച്ചു. അതിനാൽ ഞാൻ അവരുമായി സംസാരിക്കും” -ട്രംപ് പറഞ്ഞതായി ദി അറ്റ്ലാന്റിക് മാഗസിൻ റിപ്പോർട്ട് ചെയ്തു. “അവർ അത് നേരത്തെ ചെയ്യണമായിരുന്നു. വളരെ പ്രായോഗികവും ചെയ്യാൻ എളുപ്പവുമായത് നേരത്തെ ചെയ്യാമായിരുന്നു. ഏറെ നേരം കാത്തിരുന്നു” ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, ചർച്ച എപ്പോൾ നടക്കുമെന്ന് വ്യക്തമല്ല.
പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല ഖാംനഈയുടെ കൊലപാതകികൾക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകുമെന്നും ഇറാന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ആക്രമണം ഏതുനിമിഷവും ആരംഭിക്കുമെന്നും ഇറാൻ റവലൂഷനറി ഗാർഡ്സ് സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു. അമേരിക്കയും ഇസ്രായേലും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശക്തി ഉപയോഗിച്ച് അവരെ ആക്രമിക്കുമെന്നും ഇറാൻ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് മുൻ സൈനിക ഉദ്യോഗസ്ഥനും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുമായ അലി ലാരിജാനി നേരത്തെ മുന്നറിയിപ്പ് നൽകി. ‘ഇന്നലെ അമേരിക്കയിലും ഇസ്രായേലിലും ഇറാന്റെ മിസൈലുകൾ വർഷിച്ചു, അവർക്ക് നാശനഷ്ടം നേരിട്ടു. അവർ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശക്തി ഉപയോഗിച്ച് ഇന്ന് നമ്മൾ അവരെ ആക്രമിക്കും’ -അദ്ദേഹം എക്സിൽ കുറിച്ചു.
ഇറാനെതിരായ യു.എസ്-ഇസ്രായേൽ ആക്രമണത്തെ അപലപിച്ചും അനുകൂലിച്ചും ലോക രാജ്യങ്ങൾ രംഗത്തെത്തി. ആക്രമണത്തെ ഇറാന്റെ സഖ്യകക്ഷികൂടിയായ റഷ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ഐക്യരാഷ്ട്രസഭ അംഗമായ പരമാധികാര, സ്വതന്ത്ര രാജ്യത്തിനെതിരെ മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകോപനമില്ലാത്ത സായുധ ആക്രമണമാണിതെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ആണവ പദ്ധതിയിൽ ആശങ്കയുണ്ടെന്ന് വാദിച്ച് ഇറാനിലെ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുകയാണ് യു.എസും ഇസ്രായേലുമെന്ന് മന്ത്രാലയം തുറന്നടിച്ചു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ കൊലപാതകത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അഗാധ ദുഃഖം രേഖപ്പെടുത്തി. എല്ലാ മാനുഷിക മൂല്യങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് കൊലപാതകമെന്നും അദ്ദേഹം വിമർശിച്ചു.ആക്രമണത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച ചൈന, സൈനിക നടപടി അടിയന്തരമായി അവസാനിപ്പിച്ച് ചർച്ചകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. ഇറാന്റെ പരമാധികാരവും സുരക്ഷയും അഖണ്ഡതയും മാനിക്കണമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം, യു.എസുമായി വ്യാപാര തർക്കങ്ങൾ അടക്കം നിലനിൽക്കെ ആക്രമണത്തെ പിന്തുണച്ച് കാനഡ രംഗത്തെത്തി. പശ്ചിമേഷ്യയിലെ അസ്ഥിരതയുടെയും ഭീകരതയുടെയും പ്രധാന ഉറവിടം ഇറാനാണെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ആരോപിച്ചു. ആക്രമണത്തെ അപലപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറും തിരിച്ചടിയിൽനിന്ന് ഇറാൻ പിന്മാറണമെന്ന് ആവശ്യപ്പെട്ടു. യുദ്ധത്തിൽ തങ്ങൾക്ക് പങ്കില്ല. ഇറാനുമായി ചർച്ച പുനരാരംഭിക്കണം. ചർച്ചയിലൂടെ ഒത്തുതീർപ്പുണ്ടാക്കുന്നതിനെയാണ് തങ്ങൾ അനുകൂലിക്കുന്നത്. ഭാവി തീരുമാനിക്കാനുള്ള അവകാശം ഇറാൻ ജനതക്ക് വിട്ടുനൽകണമെന്നും ഇരുവരും നിർദേശിച്ചു.
അതേസമയം, ഇറാന്റെ പ്രത്യാക്രമണത്തെ ഞായറാഴ്ച ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ജോൺ ഹീലി രൂക്ഷമായി വിമർശിച്ചു. ഇറാൻ വിവേചനരഹിതമായി വ്യാപക ആക്രമണമാണ് നടത്തുന്നത്. ആയത്തുല്ല ഖാംനഈ നടത്തിവന്നത് ഒരു ഭരണകൂടമാണെന്ന് തെറ്റിദ്ധരിക്കരുത്. പതിറ്റാണ്ടുകളായി സ്വന്തം പൗരന്മാരെ കൊന്നൊടുക്കുകയും ബ്രിട്ടനുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ഭീകര പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത തിന്മയുടെ ഉറവിടമാണതെന്നും ഹീലി ആരോപിച്ചു.
അതിനിടെ, സമാധാനത്തിനായി വാദിക്കുകയും സ്ഥിരതക്കായി പരിശ്രമിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് ഇറാന്റെ ആക്രമണമെന്ന് 22 രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗ് വിമർശിച്ചു. കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണങ്ങളെ മൊറോക്കോയും ജോർഡനും സിറിയയും യു.എ.ഇയും അപലപിച്ചു. ഇറാന്റെ വഞ്ചനാപരമായ ആക്രമണം പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്ന് സൗദി അറേബ്യയും തുറന്നടിച്ചു.
വർഷങ്ങളായി സാമ്പത്തിക സഹായം നൽകുന്ന അറബ് രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണങ്ങളെ ഫലസ്തീൻ അതോറിറ്റിയും അപലപിച്ചു. യു.എസിന്റെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെക്കുറിച്ച് പരാമർശിക്കാനും ഫലസ്തീൻ അതോറിറ്റി തയാറായില്ല.
ഇറാനുമായുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച ഒമാൻ, യു.എസ് ആക്രമണത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും സമാധാനപരമായ മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കുക എന്ന തത്ത്വത്തിന്റെയും ലംഘനമാണ് യു.എസ് നടപടിയെന്നും ഒമാൻ കുറ്റപ്പെടുത്തി. യു.എസ് ആക്രമണത്തെ പിന്തുണക്കാൻ വിസമ്മതിച്ച ന്യൂസിലൻഡ്, ഇറാന്റെ ഭീഷണി അവസാനിപ്പിക്കാൻ ആക്രമണത്തിന് കഴിയുമെന്ന് വ്യക്തമാക്കി.

