Friday, February 27, 2026
HomeNewsനിയമസഭാ തിരഞ്ഞെടുപ്പിൽ 'ടൈറ്റ് ഫൈറ്റ്’ എന്ന് സിപിഎം വിലയിരുത്തൽ: സുപരിചിത മുഖങ്ങളെ...

നിയമസഭാ തിരഞ്ഞെടുപ്പിൽ ‘ടൈറ്റ് ഫൈറ്റ്’ എന്ന് സിപിഎം വിലയിരുത്തൽ: സുപരിചിത മുഖങ്ങളെ മത്സരിപ്പിക്കാൻ ഒരുങ്ങി സിപിഎം

തിരുവനന്തപുരം: അമിത ആത്മവിശ്വാസം വേണ്ടെന്നും ഏകപക്ഷീയ വിജയം പ്രതീക്ഷിക്കേണ്ടെന്നും വിലയിരുത്തിയ സി.പി.എം, നിയമസഭ തെരഞ്ഞെടുപ്പിൽ സുപരിചിത മുഖങ്ങളെയാകെ രംഗത്തിറക്കി വിജയം നേടുകയെന്ന ലക്ഷ്യത്തിലേക്ക്. എൽ.ഡി.എഫ് ജയിച്ച പകുതിയിലേറെ സീറ്റുകളിൽ ‘ടൈറ്റ് ഫൈറ്റാ’ണ് വരാൻ പോകുന്നതെന്നാണ് പാർട്ടി വിലയിരുത്തൽ.അതിനാൽ വിജയം മാത്രം മുൻനിർത്തിയാവും സ്ഥാനാർഥി നിർണയം. എൽ.ഡി.എഫ് സ്ഥാനാർഥികൾ കനത്ത തോൽവിയേറ്റുവാങ്ങുന്ന യു.ഡി.എഫിന്‍റെയും എൻ.ഡി.എയുടെയും പ്രധാന നേതാക്കൾ മത്സരിക്കുന്ന സീറ്റുകളിലടക്കം ഇക്കുറി കരുത്തരെ രംഗത്തിറക്കി മത്സരം കടുപ്പിക്കും. മറ്റിടങ്ങളിലെ പ്രചാരണത്തിൽനിന്ന് പരമാവധി മാറ്റി യു.ഡി.എഫ് നേതാക്കളെ പ്രചാരണകാലത്ത് സ്വന്തം മണ്ഡലത്തിൽ തളച്ചിടുകകൂടിയാണ് ലക്ഷ്യം. അതിനായി അത്തരം സീറ്റുകൾ ഏറ്റെടുക്കുന്നതും പാർട്ടിയുടെ ആലോചനയിലാണ്.

സ്ഥാനാർഥി നിർണയത്തിൽ രണ്ടു ടേം വ്യവസ്ഥ, പ്രായം, പാർട്ടിഘടകം എന്നിവയടക്കമുള്ള മാനദണ്ഡങ്ങളിൽ ഇക്കുറി കടുംപിടിത്തമുണ്ടാവില്ല. സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി അടുത്തയാഴ്ചയോടെ സ്ഥാനാർഥി നിർണയത്തിലേക്ക് സി.പി.എം കടക്കും. കേരള കോൺഗ്രസ് (എം), ആർ.ജെ.ഡി എന്നിവ മാത്രമാണ് അധിക സീറ്റാവശ്യപ്പെട്ടത്. പൊതുവിൽ കഴിഞ്ഞതവണത്തെ സ്റ്റാറ്റസ്കോ നിലനിർത്താനാണ് തീരുമാനം.

തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തിയ വിവിധ ജില്ല സെക്രട്ടേറിയറ്റുകൾ, ഓരോ മണ്ഡലത്തിലെയും ജയസാധ്യതയുള്ള നേതാക്കളുടെ പേരുകളടങ്ങുന്ന റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് നൽകിവരികയാണ്. മന്ത്രിമാരടക്കം സിറ്റിങ് എം.എൽ.എമാരിൽ ഭൂരിഭാഗം പേരും മത്സരിക്കണമെന്നാണ് പൊതുവികാരം. ചുരുക്കംപേരെ മാറ്റിനിർത്താനും ആവശ്യമുയർന്നിട്ടുണ്ട്.കടുത്ത ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തൃശൂർ, പാലക്കാട്, മഞ്ചേശ്വരം, കാസർകോട് അടക്കം 10 സീറ്റുകളിലെ സ്ഥാനാർഥിനിർണയം വിവിധ ഘടകങ്ങളിലെ ചർച്ചക്കൊടുവിലാവും. വോട്ടുചോർച്ച തടയാൻ ഇവിടങ്ങളിലെല്ലാം പാർട്ടി ചിഹ്നത്തിൽ തന്നെയാവും പോരിനിറങ്ങുക. കഴിഞ്ഞതവണ 11 സ്വതന്ത്രരും 75 പാർട്ടിസ്ഥാനാർഥികളുമടക്കം 86 പേരെ കളത്തിലിറക്കിയ സി.പി.എമ്മിന് അഞ്ച് സ്വതന്ത്രരടക്കം 67 പേരെയാണ് വിജയിപ്പിക്കാനായത്.

ജില്ല കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments