ബൈറൂട്ട് : വെടിനിർത്തൽ ഉടമ്പടി ലംഘിച്ച് ലബനാനിലെ കിഴക്കൻ ബെക്ക താഴ്വരയിൽ വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 10 പേർ കൊല്ലപ്പെട്ടു. മൂന്നു കുട്ടികൾ ഉൾപ്പെടെ 24 പേർക്ക് പരിക്കേറ്റതായും ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫലസ്തീൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ മറ്റൊരാക്രമണത്തിൽ രണ്ടു പേരും കൊല്ലപ്പെട്ടു.
ബെക്ക താഴ്വരയിലെ ഹിസ്ബുല്ലയുടെ അയ്ൻ അൽ ഹിൽവേ ക്യാമ്പിലെ ‘കമാൻഡ് സെന്ററുകൾ’ ആക്രമിച്ചെന്നാണ് ഇസ്രായേൽ പറയുന്നത്. എന്നാൽ, അഭയാർഥി ക്യാമ്പുകളുടെ സുരക്ഷക്കായി നേരത്തേ സംയുക്ത ഫലസ്തീൻ സേന പ്രവർത്തിച്ചിരുന്ന കെട്ടിടം ഇപ്പോൾ ഭക്ഷണവിതരണത്തിനായുള്ള പാചകശാലയാണെന്ന് ലബനാൻ നാഷനൽ ന്യൂസ് ഏജൻസി പ്രതികരിച്ചു. ഹിസ്ബുല്ലയുടെ പ്രതികരണം ലഭ്യമായിട്ടില്ല.
അപ്പാർട്ട്മെന്റിലാണ് തീപിടിത്തമെന്ന് ടെലിവിഷൻ ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. രക്ഷാസംഘങ്ങൾ തീയണക്കുന്നതും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. വെള്ളിയാഴ്ച തുറമുഖ നഗരമായ സിഡോണിലെ ഫലസ്തീൻ അഭയാർഥി ക്യാമ്പിലാണ് മറ്റൊരു ഇസ്രായേലി ആക്രമണം നടന്നതും രണ്ടു പേർ മരിച്ചതും.
വെടിനിർത്തലിനു ശേഷം ഇസ്രായേലിനെതിരെ ഒരുതവണ ഹിസ്ബുല്ലയും ആക്രമണം നടത്തി. ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ കരാറിലെത്തുന്നതിൽ പരാജയപ്പെട്ടാൽ ഹിസ്ബുല്ലയുടെയും ഹമാസിന്റെയും പിന്തുണയുള്ള ഇറാനെ ആക്രമിക്കുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ ഹിസ്ബുല്ല വിട്ടുനിന്നിരുന്നു. എന്നാൽ, മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ഇടപെടുമെന്നാണ് ലബനാൻ ജനതയുടെയടക്കം ആശങ്ക.

