വാഷിംഗ്ടൺ : ഇറാനിൽ ഭരണമാറ്റം ഉണ്ടാകുന്നത് “സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വെള്ളിയാഴ്ച നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗിൽ സൈനികരെ സന്ദർശിച്ച ശേഷം സംസാരിക്കവേയാണ് അമേരിക്കൻ പ്രസിഡൻ്റ് ഈ പ്രസ്താവന നടത്തിയത്.കഴിഞ്ഞ 47 വർഷമായി ഇറാനുമായി വെറുതെ ചർച്ചകൾ നടക്കുകയാണെന്നും എന്നാൽ അതിനിടയിൽ ധാരാളം ജീവനുകൾ നഷ്ടപ്പെട്ടെന്നും അദ്ദേഹം വിമർശിച്ചു.
ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് പശ്ചിമേഷ്യയിലേക്ക് വിന്യസിക്കാൻ അദ്ദേഹം ഉത്തരവിട്ടു.ഇറാൻ തങ്ങളുടെ ആണവ പദ്ധതികൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ സൈനിക നടപടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനിലെ നിലവിലെ നേതൃത്വത്തിന് പകരം ആര് വരണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന ചോദ്യത്തിന് “അവിടെ ആളുകളുണ്ട്” എന്ന് മറുപടി നൽകിയെങ്കിലും പേരുകൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.ഗാസയിലെ ഇസ്രായേൽ-ഹമാസ് യുദ്ധത്തിൻ്റെ ആഘാതത്തിൽ നിന്നും ഇതുവരെ മുക്തമാകാത്ത മിഡിൽ ഈസ്റ്റിൽ, ഇറാനെതിരെയുള്ള ഏതൊരു നീക്കവും മറ്റൊരു പ്രാദേശിക സംഘർഷത്തിലേക്ക് നയിക്കുമെന്ന് ഗൾഫ് അറബ് രാജ്യങ്ങൾ ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിനിടെ, കഴിഞ്ഞ മാസം ടെഹ്‌റാനിൽ നടന്ന പ്രതിഷേധങ്ങൾക്കെതിരെയുള്ള അടിച്ചമർത്തലിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് ആളുകളുടെ 40 ദിവസത്തെ ചരമ ചടങ്ങുകൾ ഇറാനിൽ ആരംഭിച്ചിരിക്കുകയാണ്. ഇത് ഉപരോധങ്ങൾ മൂലം സാമ്പത്തികമായി തകർന്ന ഇസ്ലാമിക് റിപ്പബ്ലിക്കിന് (ഇറാൻ) മേൽ ആഭ്യന്തര സമ്മർദ്ദം വർധിപ്പിക്കുന്നു.
വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, ഇറാനുമായി ഒരു കരാറിലെത്താൻ കഴിയുമെന്ന നേരിയ പ്രതീക്ഷ ട്രംപ് പങ്കുവെച്ചു. സൈനിക നടപടി എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “ആദ്യതവണ അവർ നൽകേണ്ടിയിരുന്ന ആ കരാർ ഞങ്ങൾക്ക് നൽകുക. ശരിയായ കരാർ അവർ നൽകുകയാണെങ്കിൽ ഞങ്ങൾ ആക്രമണത്തിന് മുതിരില്ല.”കഴിഞ്ഞ മാസം വെനസ്വേലൻ പ്രസിഡൻ്റ് മഡുറോയെ പിടികൂടിയ അപ്രതീക്ഷിത റെയ്ഡിന് മുന്നോടിയായി വലിയ തോതിൽ സൈനിക സന്നാഹം ഒരുക്കിയതിൻ്റെ ഭാഗമായി മെഡിറ്ററേനിയൻ കടലിൽ നിന്ന് കരീബിയനിലേക്ക് ട്രംപ് കൂറ്റൻ കപ്പലുകളെവിന്യസിച്ചിരുന്നു. സമാനമായാണ് ഇപ്പോൾ ഇറാനെതിരായ നീക്കം നടക്കുന്നത്.

