Wednesday, February 11, 2026
HomeAmericaഇറക്കുമതി തീരുവ നൽകാതെ ജനതിക മാറ്റം വരുത്തിയ കാലിത്തീറ്റ ഇന്ത്യയിൽ ഇറക്കി യുഎസ്

ഇറക്കുമതി തീരുവ നൽകാതെ ജനതിക മാറ്റം വരുത്തിയ കാലിത്തീറ്റ ഇന്ത്യയിൽ ഇറക്കി യുഎസ്

മുംബൈ : വ്യാപാര കരാറിലൂടെ യു.എസ് ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത് ജനതിക മാറ്റം വരുത്തിയ കാർഷിക വിളവുകളിൽനിന്ന് തയാറാക്കിയ കാലിത്തീറ്റ. ജനിതക മാറ്റം വരുത്തിയ കാർഷികോൽപന്നങ്ങൾക്ക് വിപണി തുറന്നു നൽകില്ലെന്ന ദീർഘകാല നിലപാടിലാണ് വ്യാപാര കരാറിൽ ഇന്ത്യ വിട്ടുവീഴ്ച ചെയ്തിരിക്കുന്നത്. ഡിസ്റ്റിലേർസ് ഡ്രൈഡ് ഗ്രെയ്ൻസ് വിത് സോലുബ്ൾസ് (ഡി.ഡി.ജി.എസ്) എന്ന കാലിത്തീറ്റയാണ് ഒരു രൂപ പോലും ഇറക്കുമതി തീരുവ നൽകാതെ യു.എസ് കമ്പനികൾ രാജ്യത്ത് വിൽക്കു​ക. പിണ്ണാക്കും ധാന്യപ്പൊടിയുമൊക്കെ ഉപയോഗിച്ച് ശീലമുള്ള ക്ഷീര കർഷകർക്ക് പരിചയമില്ലാത്ത കാലിത്തീറ്റയാണിത്. ചോളം അടക്കമുള്ള ജനിതക മാറ്റം വരുത്തിയ കാർഷിക വിളവുകളിൽനിന്ന് ജൈവ ഇന്ധനമായ എഥനോൾ ഉത്പാദിപ്പിക്കുമ്പോൾ ലഭിക്കുന്ന ഉപോത്പന്നമാണിത്.

ഏകദേശം പത്ത് വർഷത്തെ യു.എസിന്റെ നിരന്തര ആവശ്യത്തിനും കാത്തിരിപ്പിനും ശേഷമാണ് ഡി.ഡി.ജി.എസ് ഇറക്കുമതി ചെയ്യാൻ ഇന്ത്യ അനുമതി നൽകുന്നത്. ഡോണൾഡ് ട്രംപ് ആദ്യ തവണ യു.എസ് പ്രസിഡന്റായ കാലത്ത് നടന്ന എല്ലാ വ്യാപാര ചർച്ചകളുടെയും പ്രധാന വിഷയം ഡി.ഡി.ജി.എസായിരുന്നു. ഇതേ കുറിച്ച് പഠനം നടത്താൻ ജനിതക മാറ്റം വരുത്തിയ വിളകളുടെ വിപണനം നിയന്ത്രിക്കുന്ന ഇന്ത്യയിലെ സർക്കാർ സമിതിയായ ജനറ്റിക് എഞ്ചിനിയറിങ് അപ്രൂവൽ കമ്മിറ്റി (ജി.എ.എ.സി) രണ്ട് ഉപ​സമിതികളെ നിയമിച്ചു. ഡി.ഡി.ജി.എസിനെ കുറിച്ച് വിശദ പഠനം നടത്തിയ രണ്ട് ഉപസമിതികളും റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ പുറത്തുവിട്ടില്ല. ഈ റിപ്പോർട്ടുകൾ ജി.എ.എ.സി പരിശോധിക്കുന്നുണ്ടെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.

2017ലാണ് യു.എസ് ഡി.ഡി.ജി.എസ് ഇറക്കുമതി ചെയ്യാൻ അനുമതി തേടി ജി.ഇ.എ.സിക്ക് നിരവധി അപേക്ഷകൾ ലഭിച്ചത്. ഇതേതുടർന്ന് അന്നത്തെ ജി.ഇ.എ.സി ഉപാധ്യക്ഷനായിരുന്ന പ്രഫ. കെ. വേലുത്തമ്പിയുടെ നേതൃത്വത്തിൽ നിർദ്ദിഷ്ട അപേക്ഷാ ഫോം ഉൾപ്പെടുന്ന കരട് നിയമം തയ്യാറാക്കി. ശേഷം ഈ കരട് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം വീണ്ടും അപേക്ഷ നൽകാൻ കമ്പനികളോട് ആവശ്യപ്പെട്ടു. പക്ഷെ, തൊട്ടടുത്ത വർഷം സോയാബീൻ അടങ്ങിയ കുതിരത്തീറ്റ ഇറക്കുമതി ചെയ്യാൻ അനുമതി തേടിയുള്ള അപേക്ഷ ലഭിച്ചതോടെ ജനിതക മാറ്റം വരുത്തിയ വിളവ് സംബന്ധിച്ച വിഷയം വീണ്ടും ചർച്ചയായി.

തുടർന്ന് രൂപവത്കരിച്ച സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖ്യ സയന്റിസ്റ്റായിരുന്ന ലളിത ഗൗഡയുടെ നേതൃത്വത്തിലുള്ള ഉപസമിതി ഡി.ഡി.ജി.എസിന്റെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ഇറക്കുമതിക്ക് മാർഗനിർദേശം തയാറാക്കുകയും​ ചെയ്തിരുന്നു. ഇതിനെ യു.എസ് വ്യാപാര പ്രതിനിധികളുടെ റിപ്പോർട്ട് വിമർശിക്കുകയും ചെയ്തു. എന്നാൽ, മൃഗങ്ങളുടെ ആരോഗ്യം, ഭക്ഷ്യ ഉൽപന്ന ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിന് ഡി.ഡി.ജി.എസ് വ്യാപകമായി ഉപയോഗിക്കുന്നതായും പാൽ ഉത്പാദനം വർധിപ്പിക്കാൻ കഴിയുമെന്നുമാണ് കഴിഞ്ഞ വർഷം ജൂലൈ 15ന് ജി.ഇ.എ.സി പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments