Monday, February 9, 2026
HomeNewsഗാസയിൽ സമാധാന വേണം; യുഎസ് മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കില്ല: ഹമാസ്

ഗാസയിൽ സമാധാന വേണം; യുഎസ് മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കില്ല: ഹമാസ്

ദോഹ : ഗാസയിൽ സമാധാനം കൊണ്ടുവരുന്നതിന്റെ ഭാഗമായി യുഎസ് മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കില്ലെന്ന് ഹമാസ്. ആയുധം ഉപേക്ഷിച്ച് കീഴടങ്ങില്ലെന്നും ഗാസയിൽ വിദേശഭരണമോ ഇടപെടലോ അംഗീകരിക്കില്ലെന്നും ഹമാസിന്റെ മുതിർന്ന നേതാവ് ഖാലിദ് മിഷാൽ വ്യക്തമാക്കി. ദോഹയിൽ നടന്ന കോൺഫറൻസിനിടെയാണ് ഖാലിദ് മിഷാൽ നിലപാടുകൾ വിശദീകരിച്ചത്.

പ്രതിരോധത്തെയും അതിനായി ഉപയോഗിക്കുന്ന ആയുധങ്ങളെയും ക്രിമിനൽവൽക്കരിക്കുന്നത് അംഗീകരിക്കാനാവില്ല.’ അദ്ദേഹം പറഞ്ഞു. അധിനിവേശത്തിന് കീഴിലുള്ള ജനതയ്ക്ക് പ്രതിരോധം എന്നത് അവരുടെ അവകാശമാണെന്നും അത് ലോകത്തെ മറ്റ് രാഷ്ട്രങ്ങൾ അഭിമാനപൂർവ്വം കാണുന്ന ഒന്നാണെന്നും മിഷാൽ കൂട്ടിച്ചേർത്തു.

ഗാസയുടെ ഭരണം പലസ്തീനികൾ തന്നെ നിർവ്വഹിക്കണമെന്ന നിലപാടിൽ ഹമാസ് ഉറച്ചുനിൽക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻകൈയെടുത്ത് രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ എന്ന സംവിധാനം ഗാസയുടെ മേൽ വിദേശനിയന്ത്രണം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ്, അങ്ങനെ ഉണ്ടാകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗാസയിലെ ജനങ്ങൾക്കും പലസ്തീനുമുള്ളതാണ് ഗാസയെന്നും അവിടെ വിദേശഭരണമോ പുറത്തുനിന്നുള്ളവരുടെ അധികാരമോ സ്വീകാര്യമല്ലെന്നും മിഷാൽ വ്യക്തമാക്കി.

അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിൽ ഗാസയിലെ നിരായുധീകരണം ഒരു വിഷയമായി എടുത്തിട്ടുണ്ട്. എന്നാൽ ആയുധം കൈമാറുന്നത് ഹമാസിനെ സംബന്ധിച്ച് ചിന്തിക്കാൻ പോലുമാകില്ല. എന്നിരുന്നാലും, ഭാവിയിൽ നിലവിൽ വന്നേക്കാവുന്ന പലസ്തീൻ ഭരണകൂടത്തിന് ആയുധങ്ങൾ കൈമാറുന്ന കാര്യം പരിഗണിച്ചേക്കാമെന്ന സൂചനയും സംഘടന നൽകുന്നുണ്ട്. ഗാസയുടെ പുനർനിർമ്മാണത്തിനും സഹായം എത്തിക്കുന്നതിനും സന്തുലിതമായ ഒരു സമീപനം ബോർഡ് ഓഫ് പീസ് സ്വീകരിക്കണമെന്നും മിഷാൽ ആവശ്യപ്പെട്ടു.

2023 ഒക്ടോബർ 7-ന് നടത്തിയ കടന്നാക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ ഹമാസുമായി യുദ്ധത്തിലേർപ്പെട്ടത്. ഒക്ടോബർ 7-ലെ ആക്രമണം ഇസ്രായേലിന്റെ അധിനിവേശത്തിനുള്ള മറുപടിയായാണ് ഹമാസ് കാണുന്നത്. അതേസമയം, ഗാസയിൽ സമാധാനം വരണമെങ്കിൽ ഹമാസിനെ നിരായുധീകരിച്ചേ മതിയാകു എന്നതാണ് ഇസ്രയേലിന്റെ നിലപാട്. ഇസ്രയേലിന്റെ കണക്കുകൾ പ്രകാരം ഏകദേശം 20,000 പോരാളികളും 60,000 കലാഷ്നിക്കോവ് തോക്കുകളും ഇപ്പോഴും ഹമാസിന്റെ പക്കലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments