Sunday, February 8, 2026
HomeAmericaവാഷിങ്ടൺ പോസ്റ്റിൽ നിന്നും പത്രത്തിന്റെ പ്രസാധകൻ വിൽ ലൂയിസ് പദവി ഒഴിയുന്നു

വാഷിങ്ടൺ പോസ്റ്റിൽ നിന്നും പത്രത്തിന്റെ പ്രസാധകൻ വിൽ ലൂയിസ് പദവി ഒഴിയുന്നു

വാഷിങ്ടൺ : വാഷിങ്ടൺ പോസ്റ്റിൽ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ദിവസങ്ങൾക്കകം പത്രത്തിന്റെ പ്രസാധകനായ വിൽ ലൂയിസ് പദവി ഒഴിയുന്നതായി അറിയിച്ചു. ശനിയാഴ്ച സ്റ്റാഫിന് അയച്ച ഇമെയിലിലൂടെയാണ് ലൂയിസ് രാജി പ്രഖ്യാപിച്ചത്. രണ്ട് വർഷത്തെ ‘പരിവർത്തന ഘട്ടത്തിന്’ ശേഷം പിന്മാറാൻ ഇതാണ് ശരിയായ സമയമെന്ന് ലൂയിസ് ഇമെയിലിൽ പറഞ്ഞു. വാഷിങ്ടൺ പോസ്റ്റിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ ജെഫ് ഡി’ഓനോഫ്രിയോയെ താൽക്കാലിക പ്രസാധകനായി നിയമിച്ചു.

ബുധനാഴ്ച പത്രത്തിലെ ജീവനക്കാരിൽ ഏകദേശം മൂന്നിലൊന്ന് പേരെ പിരിച്ചുവിടുന്നുവെന്ന് വാഷിങ്ടൺ പോസ്റ്റ് പ്രഖ്യാപിച്ചിരുന്നു. കായിക വിഭാഗം പൂർണമായി അടച്ചുപൂട്ടുകയും, ഫോട്ടോഗ്രഫി വിഭാഗം ഒഴിവാക്കുകയും, വാഷിങ്ടൺ നഗരത്തെയും വിദേശത്തെയും വാർത്തകൾ കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളിൽ വലിയ കുറവ് വരുത്തുകയും ചെയ്തിരുന്നു. ഈ തീരുമാനം പ്രതീക്ഷിച്ചതിലും കടുത്തതായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

പിരിച്ചുവിടൽ പ്രഖ്യാപിച്ച യോഗത്തിൽ ലൂയിസും പത്രത്തിന്റെ ഉടമയും ബില്ലിയണറുമായ ജെഫ് ബെസോസും പങ്കെടുത്തിരുന്നില്ല. ഇതിനുമുമ്പും നിരവധി മുതിർന്ന മാധ്യമപ്രവർത്തകർ പത്രം വിട്ടിരുന്നു. 2024ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനിടെ കമല ഹാരിസിനെ പിന്തുണയ്ക്കാനുള്ള തീരുമാനം പിൻവലിക്കാൻ ബെസോസ് നിർദേശിച്ചതിന് പിന്നാലെ ആയിരക്കണക്കിന് സബ്സ്ക്രൈബർമാരെ പത്രം നഷ്ടപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ജെഫ് ബെസോസിന്റെ കാലത്തെ വാഷിങ്ടൺ പോസ്റ്റിന്റെ ആദ്യ എഡിറ്ററായ മാർട്ടിൻ ബാരൺ, ട്രംപിനെ പ്രീതിപ്പെടുത്താനുള്ള ശ്രമങ്ങളാണ് പത്രത്തെ ഈ നിലയിലാക്കിയതെന്ന് വിമർശിച്ചു. ഇത് സ്വയം വരുത്തിയ ബ്രാൻഡ് നാശത്തിന്റെ ഉദാഹരണം ആണെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് വംശജനായ ലൂയിസ്, 2024 ജനുവരിയിലാണ് വാഷിങ്ടൺ പോസ്റ്റിന്റെ പ്രസാധകനായി ചുമതലയേറ്റത്. വാൾ സ്ട്രീറ്റ് ജേർണലിലെ മുൻ മുതിർന്ന എക്‌സിക്യൂട്ടീവായിരുന്നു അദ്ദേഹം. തുടക്കം മുതൽ തന്നെ ലൂയിസിന്റെ കാലാവധി വിവാദങ്ങളാൽ നിറഞ്ഞതായിരുന്നു. പുനഃസംഘടനാ പദ്ധതി പരാജയപ്പെട്ടതിനെ തുടർന്ന് മുൻ എഡിറ്റർ സാലി ബസ്‌ബി പത്രം വിട്ടിരുന്നു. ലൂയിസിന്റെ ചില പരാമർശങ്ങളും മാധ്യമപ്രവർത്തകരിൽ അതൃപ്തി സൃഷ്ടിച്ചിരുന്നു. “നിങ്ങളുടെ വാർത്തകൾ കൂടുതൽ ആളുകൾ വായിക്കുന്നില്ല” എന്ന വിമർശനവും അദ്ദേഹം സ്റ്റാഫ് യോഗത്തിൽ ഉന്നയിച്ചിരുന്നു.

ലൂയിസ് പദവി ഒഴിയുന്നത് ഏറെ വൈകിയതാണെന്ന് വാഷിങ്ടൺ പോസ്റ്റ് ഗിൽഡ് (സ്റ്റാഫ് യൂണിയൻ) പ്രതികരിച്ചു. “ഒരു മഹത്തായ അമേരിക്കൻ മാധ്യമസ്ഥാപനത്തെ തകർക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിന്റെ പൈതൃകം,” യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു. പിരിച്ചുവിടൽ പിൻവലിക്കുകയോ അല്ലെങ്കിൽ പത്രം വിറ്റഴിക്കുകയോ ചെയ്യണമെന്ന് ബെസോസിനോടും അവർ ആവശ്യപ്പെട്ടു.

അതേസമയം, ലൂയിസിനെ കുറിച്ച് പരാമർശിക്കാതെയാണ് ബെസോസ് പ്രസ്താവന പുറത്തിറക്കിയത്. ഡി’ഓനോഫ്രിയോയുടെ നേതൃത്വത്തിൽ വാഷിങ്ടൺ പോസ്റ്റ് ‘പുതിയതും ശക്തവുമായ ഘട്ടത്തിലേക്ക്’ കടക്കുമെന്ന് ബെസോസ് പറഞ്ഞു. “മാധ്യമ രംഗം നേരിടുന്ന കടുത്ത വെല്ലുവിളികൾ വാഷിങ്ടൺ പോസ്റ്റും നേരിടേണ്ടി വരുന്നുവെന്നും ഇത്തരം ഘട്ടങ്ങളെ ഒരുമിച്ച് മറികടക്കാമെന്നുറപ്പുണ്ടന്നും ഡി’ഓനോഫ്രിയോ ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments