തിരുവനന്തപുരം : ഒരു കാരണവശാലും ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻപിആർ) നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സർക്കാരാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2027ൽ സെൻസസ് നടപടികൾ പുനരാരംഭിക്കുന്ന വേളയിൽ അതിന്‍റെ ഭാഗമായി കേരളത്തിൽ എൻപിആർ നടപ്പാക്കില്ല എന്നുറപ്പുവരുത്താൻ സംസ്ഥാന സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. ഒരു പ്രത്യേക മതവിശ്വാസത്തെ പൗരത്വം നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡമാക്കുന്നതിലൂടെ പുറന്തള്ളലിന്‍റെ രാഷ്ട്രീയമാണ് പൗരത്വ ഭേദഗതി നിയമം മുന്നോട്ടുവെച്ചത്.
അങ്ങേയറ്റം വിവേചനപരവും പ്രതിലോമകരവുമായ പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും (എൻആർസി) കേരളത്തിൽ നടപ്പാക്കില്ല എന്ന ഉറച്ച നിലപാടാണ് എൽഡിഎഫ് സർക്കാരിനുള്ളത്. എൻആർസിയുടെ മുന്നോടിയായുള്ള പ്രക്രിയയായി കണക്കാക്കപ്പെടുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) ഒരു കാരണവശാലും കേരളത്തിൽ നടക്കില്ല എന്ന് പുതിയ വിജ്ഞാപനത്തിലൂടെ വീണ്ടും സ്പഷ്ടീകരിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുതിയ സെൻസസിന്‍റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ല എന്നുറപ്പാക്കാൻ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേരളത്തിൽ സെൻസസിനൊപ്പം ദേശീയ ജനസംഖ്യ രജിസ്റ്റർ (National Population Register -എൻപിആർ) നടപ്പാക്കാനുള്ള എല്ലാ നടപടികളും നിർത്തിവെക്കാൻ 2019-ൽ തന്നെ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. ഒരു കാരണവശാലും കേരളത്തിൽ എൻപിആർ നടപ്പിലാക്കില്ല എന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്.

