Wednesday, February 4, 2026
HomeNewsതദ്ദേശ തിരഞ്ഞെടുപ്പില്‍ വാർഡ് യുഡിഎഫിന്: റോഡിന് അനുവദിച്ച ഫണ്ട് പിൻവലിച്ച്‌ എംഎല്‍എ

തദ്ദേശ തിരഞ്ഞെടുപ്പില്‍ വാർഡ് യുഡിഎഫിന്: റോഡിന് അനുവദിച്ച ഫണ്ട് പിൻവലിച്ച്‌ എംഎല്‍എ

വൈക്കം : തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണം പിടിച്ചെടുത്ത വാർഡില്‍ റോഡിന് അനുവദിച്ച ഫണ്ട് പിൻവലിച്ച്‌ എംഎല്‍എ. സംഭവം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. എന്നാല്‍ എസ്റ്റിമേറ്റ് ലഭിക്കാത്തതിനാലാണു ഫണ്ട് പിൻവലിച്ചതെന്നാണ് എംഎല്‍എയുടെ വാദം. വൈക്കം നഗരസഭ 23-ാം വാർഡായ താലൂക്ക് ഹോസ്പിറ്റല്‍ ഭാഗത്തെ വയനവേലി റോഡ് പുനർനിർമാണത്തിനാണ് 15 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍നിന്ന് സി.കെ.ആശ അനുവദിച്ചിരുന്നത്. ഇതാണ് ഭരണം മാറിയതിന് പിന്നാലെ സികെ ആശ പിൻവലിച്ചത്. ഫണ്ട് പിൻവലിക്കണമെന്ന എംഎല്‍എയുടെ നിർദേശത്തെത്തുടർന്ന് നടപടി സ്വീകരിക്കണമെന്ന് കലക്ടർ വൈക്കം നഗരസഭാ സെക്രട്ടറിക്കു കത്തു നല്‍കി.

കഴിഞ്ഞ ജൂലൈ 18നാണ് റോഡ് നവീകരണത്തിന് ഫണ്ടില്‍നിന്നു തുക അനുവദിക്കാൻ എംഎല്‍എ ശുപാർശ നല്‍കിയത്. ജൂലൈ 29ന് എസ്റ്റിമേറ്റ് ലഭ്യമാക്കാൻ നഗരസഭാ സെക്രട്ടറിക്കു നിർദേശം നല്‍കി. എന്നാല്‍ ഈ മാസം 12ന് ഈ പ്രവൃത്തി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ കലക്ടർക്കു കത്തു നല്‍കി. ഫണ്ട് അനുവദിച്ച സമയത്ത് എംഎല്‍എയെ അഭിനന്ദിച്ച്‌ ഫ്ലെക്സ് ബോർഡ് വച്ചിരുന്നു.

23-ാം വാർഡില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി സോണി സണ്ണിയാണ് ജയിച്ചത്. എല്‍ഡിഎഫിന്റെ സിറ്റിങ് വാർഡ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ഇതാണു ഫണ്ട് പിൻവലിക്കാൻ കാരണമെന്നാണു കോണ്‍ഗ്രസിന്റെ ആരോപണം. 4 വർഷത്തിലേറെയായി കുണ്ടും കുഴിയുമായി കിടക്കുകയാണ് ഈ റോഡ്. വെള്ളക്കെട്ട് ഉണ്ടാകുന്ന റോഡ് ഉയർത്തി നിർമിക്കുന്നതിനു കൂടിയാണ് തുക അനുവദിച്ചത്. എസ്റ്റിമേറ്റ് അടക്കം പൂർത്തിയാക്കി നഗരസഭ നല്‍കിയിരുന്നതായി കൗണ്‍സിലർ സോണി സണ്ണി പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ അനുവദിച്ച ഫണ്ടില്‍ ഈ മാസം റിവ്യൂ നടത്തിയപ്പോള്‍ എസ്റ്റിമേറ്റ് ലഭിച്ചില്ലെന്നു സി.കെ.ആശ എംഎല്‍എ പറഞ്ഞു.

എസ്റ്റിമേറ്റ് ഇല്ലാത്തതിനാല്‍ ഭരണാനുമതി നല്‍കാൻ സാധിച്ചില്ലെന്നു ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ലാപ്സാകാതെ സമയബന്ധിതമായി വർക്കുകള്‍ പൂർത്തീകരിക്കുന്നതിനു വേണ്ടിയാണ് ഫണ്ട് പിൻവലിച്ചത്. എംഎല്‍എ ഫണ്ട് പരമാവധി ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്തതെന്നും സി.കെ.ആശ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments