അബുദാബി : കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ നിയമവിരുദ്ധ സാമ്പത്തിക ഇടപാട് നടത്തുന്നവർക്കെതിരെ യുഎഇ കർശന നടപടികൾ തുടരും. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളുമായി കൈകോർത്താണ് ആഗോള വിപത്തിനെതിരെ നടപടി ശക്തമാക്കിയത്. കുറ്റവാളികൾക്ക് 10 വർഷം വരെ തടവോ ഒരു ലക്ഷം മുതൽ 50 ലക്ഷം ദിർഹം വരെ പിഴയോ ആണ് ശിക്ഷ. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട കമ്പനികൾക്കോ സ്ഥാപനങ്ങൾക്കോ 5 കോടി ദിർഹം വരെ പിഴയ്ക്കു പുറമേ സ്ഥാപനം സ്ഥിരമായി അടച്ചുപൂട്ടുകയും ചെയ്യും. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നവർക്ക് ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കും.
പുറമെ 10 ലക്ഷം മുതൽ ഒരു കോടി ദിർഹം വരെ പിഴയും ചുമത്തും. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണവും സ്വത്തുക്കളും ഉപകരണങ്ങളും സർക്കാർ കണ്ടുകെട്ടും. വിദേശികളെ ശിക്ഷയ്ക്കുശേഷം നാടുകടത്തും. ആന്റി മണി ലോണ്ടറിങ്ങ് ആൻഡ് കൗണ്ടറിങ്ങ് ദ് ഫിനാൻസിങ് ഓഫ് ടെററിസം എന്ന പേരിൽ പ്രത്യേക ഓഫിസ് ആരംഭിച്ചാണ് പ്രവർത്തനം. നയപര, പ്രവർത്തന തലങ്ങളിൽ ദേശീയ, രാജ്യാന്തര ഏകോപനവും സഹകരണവും മെച്ചപ്പെടുത്തുക, ധനകാര്യ കർമ സമിതി സജീവമാക്കുക, വിവിധ രാജ്യങ്ങളുമായി ചേർന്ന് ഭീകരവാദത്തിനെതിരെ കൈകോർക്കുക എന്നിവയാണ് ഈ കേന്ദ്രത്തിന്റെ മറ്റു പ്രധാന പ്രവർത്തനങ്ങൾ.
കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവ തടയുന്നതിനായി ഇന്ത്യയിലെയും യുഎഇയിലെയും ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റുകൾ (എഫ്ഐയു) തമ്മിൽ 2018 മുതൽ സഹകരണ കരാർ നിലവിലുണ്ട്. സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇരുരാജ്യങ്ങളും തമ്മിൽ രഹസ്യമായി കൈമാറാൻ അനുവദിക്കുന്നതാണ് ഈ കരാർ.ലോകത്തെ വിവിധ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റുകളുടെ കൂട്ടായ്മയായ എഗ്‌മോണ്ട് ഗ്രൂപ്പിലെ അംഗങ്ങൾ എന്ന നിലയിൽ ഇന്ത്യയും യുഎഇയും രാജ്യാന്തര മാനദണ്ഡങ്ങൾ അനുസരിച്ചാണ് വിവരങ്ങൾ പങ്കുവയ്ക്കുന്നത്.
2026 ജനുവരിയിൽ നടന്ന ഉന്നതതല ചർച്ചകളിൽ, കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള ആഗോള ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) നിഷ്കർഷിക്കുന്ന നിയമങ്ങൾ കൂടുതൽ ശക്തമായി നടപ്പിലാക്കാനും സഹകരണം തുടരാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു.
ജിഒഎഎംഎൽ എന്ന ആഗോള റിപ്പോർട്ടിങ് പ്ലാറ്റ്‌ഫോം വഴിയാണ് സംശയാസ്പദമായ ഇടപാടുകൾ നിരീക്ഷിക്കുന്നതും റിപ്പോർട്ട് ചെയ്യുന്നതും.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജനുവരി 19നു നടത്തിയ ഇന്ത്യ സന്ദർശനത്തിലും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെയും അതിർത്തി കടന്നുള്ള ഭീകരവാദ ധനസഹായത്തിനെതിരെയും ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് ആവർത്തിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവര കൈമാറ്റം കൂടുതൽ വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ് ഇരുരാജ്യങ്ങളും.

