കീവ് : സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ യുക്രെയ്‌നിൽ ആക്രമണം കടുപ്പിച്ച് റഷ്യ. കിഴക്കൻ യുക്രെയ്നിലെ ഹർകീവിൽ ട്രെയിനിനു നേരെ റഷ്യയുടെ ഡ്രോണാക്രമണത്തിൽ രണ്ടു പേർക്കു പരുക്കേറ്റു. 291 യാത്രക്കാരുമായി പോകുകയായുരുന്ന ട്രെയിനിനു നേരെ 3 ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിൽ റഷ്യയുടെ സംയുക്ത മിസൈൽ, ഡ്രോൺ ആക്രമണത്തിൽ നഗരത്തിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും ഏകദേശം 80% സ്ഥലങ്ങളിലും വൈദ്യുതി നിലച്ചതായി ഗവർണർ ഒലെഹ് സിനിഹുബോവ് അറിയിച്ചു. റഷ്യൻ സൈന്യം രാത്രിയിൽ 165 ഡ്രോണുകൾ തൊടുത്തെന്നും അതിൽ 135 എണ്ണം യുക്രെയ്‌ൻ വ്യോമ പ്രതിരോധ സേന നിർവീര്യമാക്കിയെന്നും യുക്രെയ്‌ൻ വ്യോമസേന അറിയിച്ചു.
റഷ്യൻ ഡ്രോണുകൾ തെക്കൻ യുക്രെയ്‌ൻ നഗരമായ ഒഡേസയിൽ നടത്തിയ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. രണ്ടു കുട്ടികളും ഗർഭിണിയുമടക്കം 25 പേർക്കു പരുക്കേറ്റു. ഒഡേസയിൽ റഷ്യ അൻപതിലധികം ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തെ ക്രൂരമായത് എന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വിശേഷിപ്പിച്ചു. യുക്രെയ്‌ൻ, റഷ്യൻ പ്രതിനിധികൾ ഞായറാഴ്ച പുതിയ ചർച്ചകൾക്ക് തയാറെടുക്കുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. ‘ഇത്തരത്തിലുള്ള ഓരോ റഷ്യൻ ആക്രമണവും നിലവിലുള്ള നയതന്ത്ര ശ്രമങ്ങളെ ഇല്ലാതാക്കുകയും ഈ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുന്ന പങ്കാളികളുടെ ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യും’ – സെലെൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചു.

