വാഷിങ്ടൻ : യുഎസിലുടനീളം ആഞ്ഞടിക്കുന്ന കനത്ത ഹിമക്കാറ്റിനെ തുടർന്ന് 5,303 വിമാന സർവീസുകൾ റദ്ദാക്കി. 4,380 വിമാന സർവീസുകൾ വൈകുന്നു. കനത്ത മഞ്ഞുവീഴ്ച യാത്രകളെ തടസ്സപ്പെടുത്തുകയും ഗതാഗത ശൃംഖലകളെ താറുമാറാക്കുകയും ചെയ്തു. രാവിലെ 8:20-ന് ഷെഡ്യൂൾ ചെയ്ത വിമാനങ്ങളിൽ ഏകദേശം 14% റദ്ദാക്കി. ഞായറാഴ്ച 11,000-ത്തിലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിരിയത്തിന്റെ കണക്കനുസരിച്ച്, കോവിഡിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.
അമേരിക്കൻ എയർലൈൻസിനാണ് തിങ്കളാഴ്ച ഏറ്റവുമധികം വൈകിയോടിയത്. ഏകദേശം 900 വിമാനങ്ങൾ റദ്ദാക്കുകയും 600 എണ്ണം വൈകുകയും ചെയ്തു. തൊട്ടുപിന്നാലെ റിപ്പബ്ലിക് എയർവേയ്‌സ്, ജെറ്റ്ബ്ലൂ എയർവേയ്‌സ്, ഡെൽറ്റ എയർലൈൻസ് എന്നിവയാണ്. മക്കാറ്റിനെ തുടർന്ന് കാർഗോ പ്രവർത്തനങ്ങളെയും ബാധിച്ചു. രണ്ട് ഡസനിലധികം യുഎസ് സംസ്ഥാനങ്ങളെ ഹിമക്കാറ്റ് ബാധിച്ചു. ഹിമക്കാറ്റ് റോഡ് യാത്രയെയും തടസ്സപ്പെടുത്തി. മഞ്ഞുവീഴ്ച, ശക്തമായ കാറ്റ്, ഐസ് എന്നിവ കൂടുതൽ വ്യാപിക്കുന്നതോടെ ഡ്രൈവിങ് സാഹചര്യങ്ങൾ അപകടകരമാകുമെന്ന് ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി മുന്നറിയിപ്പ് നൽകി.

