Friday, January 23, 2026
HomeNewsകേരള കോൺഗ്രസ് എം. ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു

കേരള കോൺഗ്രസ് എം. ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു

തിരുവനന്തപുരം : കേരള കോൺഗ്രസ് എം. ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. ഇടതുമുന്നണിയുടെ മധ്യമേഖല ജാഥ നയിക്കേണ്ടിയിരുന്ന കേരള കോൺ​ഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണി ഉണ്ടാകില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായും പകരം എൻ. ജയരാജിന്റെ പേര് നിർദ്ദേശിച്ചെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ. കേരള കോൺഗ്രസ് എം. മുന്നണി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയുള്ള ജോസ് കെ. മാണിയുടെ നീക്കങ്ങളെ ശ്രദ്ധയോടെയാണ് രാഷ്ട്രീയ നീരീക്ഷകർ വിലയിരുത്തുന്നത്.

ഫെബ്രുവരി ആറിന് അങ്കമാലിയില്‍ നിന്നാരംഭിച്ച് 13ന് ആറന്മുളയില്‍ സമാപിക്കുന്ന രീതിയിലായിരുന്നു ഇടതുമുന്നണിയുടെ മധ്യമേഖല ജാഥ ക്രമീകരിച്ചിരുന്നത്. എന്നാല്‍ ജോസ് കെ. മാണി ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറുകയാണെന്നും വ്യക്തിപരമായ അസൗകര്യങ്ങളുണ്ടെന്നും പകരം ചീഫ് വിപ്പ് എന്‍. ജയരാജിന്‍റെ പേര് നിര്‍ദേശിക്കുകയും ചെയ്തെന്നാണ് സൂചന. എൽ.ഡി.എഫ് കൺവീനർ കണ്‍വീനര്‍ ടി.പി രാമകൃഷ്ണനെ ഇക്കാര്യം ജോസ് കെ. മാണി നേരിട്ട് അറിയിച്ചിട്ടുണ്ട്. ഇതിൽ സി.പി.എം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ജോസ്. കെ മാണി തന്നെ ജാഥ നയിക്കണമെന്നാണ് സി.പി.എം ആഗ്രഹിക്കുന്നത്. ഇല്ലെങ്കിൽ സി.പി.എം തന്നെ ജാഥയുടെ നേതൃത്വം ഏറ്റെടുത്തേക്കുമെന്നാണ് സൂചന.

അതേസമയം, കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിലെത്തിക്കാൻ ഹൈക്കമാൻഡ് നീക്കം നടത്തുന്നുന്നുവെന്നാണ് വിവരം. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ജോസ് കെ. മാണിയുമായി ഫോണിൽ സംസാരിച്ചുവെന്നാണ് സൂചന. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും വിഷയത്തിൽ ഇടപെടുന്നുണ്ട്. എന്നാൽ ഇക്കാര്യമൊന്നും കോൺഗ്രസ് നേതൃത്വം ഇതുവരെ സ്ഥിരീകരിക്കാൻ തയാറായിട്ടില്ല.മുന്നണി മാറ്റം സംബന്ധിച്ച് ജോസ് കെ. മാണി എന്ത് തീരുമാനം എടുത്താലും ഒപ്പമുണ്ടാകുമെന്ന് കേരള കോൺഗ്രസ് എമ്മിന്റെ നാല് എം.എൽ.എമാർ ഉറപ്പുനൽകിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി എം.എൽ.എ എൻ ജയരാജ്, പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തിങ്കൽ, ചങ്ങനാശേരി എം.എൽ.എ ജോബ് മൈക്കിൾ, റാന്നി എം.എൽ.എ പ്രമോദ് നാരായണൻ എന്നിവരാണ് ജോസ് കെ. മാണിയെ നിലപാട് അറിയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments