തിരുവനന്തപുരം : സംവിധായിക നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ കേസില്‍, ഇടതുസഹയാത്രികനും മുന്‍ എംഎല്‍എയുമായ സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. കന്റോണ്‍മെന്റ് പൊലീസാണ് കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്.
ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന ഉപാധിയോടെ തിരുവനന്തപുരം എഴാം ആഡീ.സെഷന്‍സ് കോടതി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞുമുഹമ്മദ് സ്‌റ്റേഷനില്‍ ഹാജരായത്. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതവും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് കുഞ്ഞുമുഹമ്മദ് പറയുന്നത്.
തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്കു മലയാളം ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു പി.ടി.കുഞ്ഞുമുഹമ്മദ്. ഇതുമായി ബന്ധപ്പെട്ട യോഗത്തിനെത്തിയപ്പോള്‍ ചലച്ചിത്ര അക്കാദമിയുടെ അതിഥികളായാണു കുഞ്ഞുമുഹമ്മദും കേസിലെ പരാതിക്കാരിയും നഗരത്തിലെ ഹോട്ടലില്‍ താമസിച്ചത്. ഹോട്ടല്‍ മുറിയില്‍ വച്ചു സമ്മതമില്ലാതെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും അപമാനിച്ചെന്നുമാണു പരാതി
സ്ത്രീകള്‍ക്കെതിരായ ശാരീരികാക്രമണം, ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ശാരീരിക സമ്പര്‍ക്കം, ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുക എന്നീ വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. നവംബര്‍ 27ന് സംവിധായിക മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ഡിസംബര്‍ എട്ടിനാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. തുടര്‍ന്നാണ് കുഞ്ഞുമുഹമ്മദ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്
പ്രാഥമിക അന്വേഷണം നടത്തി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരാതിയില്‍ പറയുന്ന സമയത്ത് ഇരുവരും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംവിധായികയുടെ രഹസ്യമൊഴി ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

