വാഷിംഗ്ടൺ : യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ കർശന സോഷ്യൽ മീഡിയ പരിശോധന നയങ്ങളെത്തുടർന്ന് നിരവധി ഇന്ത്യക്കാർക്കാരുടെ എച്ച്-1ബി വിസ അപ്പോയിന്റ്മെന്റുകൾ അടുത്ത വർഷത്തേക്ക് മാറ്റിവെച്ചതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച് ചൊവ്വാഴ്ച രാത്രി ഇന്ത്യയിലെ യുഎസ് എംബസി വിസ അപേക്ഷകർക്ക് നിർദേശങ്ങൾ കൈമാറിയിരുന്നു.
“നിങ്ങളുടെ വിസ അപ്പോയിന്റ്മെന്റ് പുനഃക്രമീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുന്ന ഒരു ഇമെയിൽ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ പുതിയ അപ്പോയിന്റ്മെന്റ് തീയതിയെക്കുറിച്ച് നിങ്ങളെ സഹായിക്കാൻ മിഷൻ ഇന്ത്യ ആഗ്രഹിക്കുന്നു,” എന്നായിരുന്നു സന്ദേശം. അറിയിപ്പ് ലഭിച്ചതിനു ശേഷം മുമ്പ് ഷെഡ്യൂൾ ചെയ്ത അഭിമുഖ തീയതിയിൽ കോൺസുലേറ്റിൽ എത്തുന്ന ആർക്കും പരിഗണന ലഭിക്കില്ലെന്നും പ്രവേശനം നിഷേധിക്കുമെന്നും എംബസി മുന്നറിയിപ്പ് നൽകി.
ഡിസംബർ പകുതി മുതൽ അവസാനം വരെ ഷെഡ്യൂൾ ചെയ്തിരുന്ന അഭിമുഖങ്ങൾ അടുത്ത വർഷം മാർച്ചിലേക്ക് മാറ്റിവയ്ക്കുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും, കൃത്യമായ എത്രപേരുടെ അപേക്ഷകളാണ് ഇത്തരത്തിൽ മാറ്റിയതെന്ന് വ്യക്തമല്ല.
അതേസമയം, എല്ലാ H-1B , H-4 വിസാ അപേക്ഷകരും ഡിസംബർ 15 മുതൽ നിർബന്ധിത സോഷ്യൽ മീഡിയ സ്ക്രീനിംഗിന് വിധേയരാകുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നേരത്തെ അറിയിച്ചിരുന്നു. സൂക്ഷ്മപരിശോധന സാധ്യമാക്കുന്നതിന് അപേക്ഷകർ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ “പബ്ലിക്” എന്ന ക്രമീകരണങ്ങളിലേക്ക് മാറ്റേണ്ടിവരും.
യുഎസിൻ്റെ ഡിജിറ്റൽ-ഫൂട്ട്പ്രിന്റ് നയത്തിന്റെ ഒരു പ്രധാന നീക്കമാണിതെന്ന് ഇമിഗ്രേഷൻ വിദഗ്ധർ പറയുന്നു.സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറയുന്നതനുസരിച്ച് , കോൺസുലർ ഉദ്യോഗസ്ഥർ അപേക്ഷകന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, പൊതു പോസ്റ്റുകൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഡാറ്റാബേസുകളിലും ലഭ്യമായ വിവരങ്ങൾ എന്നിവ കൃത്യമായി പരിശോധിക്കും. “ഓരോ വിസയിലും തീരുമാനമെടുക്കുന്നത് ഒരു ദേശീയ സുരക്ഷാ തീരുമാനമാണ്” എന്ന് വകുപ്പ് ആവർത്തിച്ചു, യുഎസ് വിസ “ഒരു അവകാശമല്ല, ഒരു പ്രത്യേകാവകാശമാണ്” എന്നും വ്യക്തമാക്കിയിട്ടുണ്ട്.
അപേക്ഷകർ അവരുടെ അക്കൗണ്ടുകളുടെ ചില ഭാഗങ്ങൾ സ്വകാര്യമായി സൂക്ഷിക്കുകയോ ഓൺലൈൻ സാന്നിധ്യം ഇല്ലാതിരിക്കുകയോ ചെയ്താൽ വിസ ലഭ്യമാകാതിരിക്കും. മാത്രമല്ല, ഏതെങ്കിലും ഉള്ളടക്കം യുഎസ് പൗരന്മാരോടോ സ്ഥാപനങ്ങളോടോ സംസ്കാരത്തോടോ ഉള്ള ശത്രുതയെ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്നും, ഭീകര ഗ്രൂപ്പുകൾക്കുള്ള പിന്തുണ, സെൻസിറ്റീവ് യുഎസ് സാങ്കേതികവിദ്യ ആക്‌സസ് ചെയ്യാനോ ദുരുപയോഗം ചെയ്യാനോ ഉള്ള ശ്രമങ്ങൾ, അല്ലെങ്കിൽ യുഎസിൽ പ്രവേശിച്ചതിനുശേഷം തുടരാവുന്ന രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഒരു രീതി എന്നിങ്ങനെ കർശന പരിശോധനയാണ് നടക്കുക.
2025 ജൂൺ അവസാനം മുതൽ എഫ്, എം, ജെ വിസ അപേക്ഷകർ (വിദ്യാർത്ഥികളും എക്സ്ചേഞ്ച് സന്ദർശകരും) ഈ നടപടിയിലൂടെ കടന്നുപോകുന്നുണ്ട്. അപേക്ഷകർ അവരുടെ പോസ്റ്റുകൾ, ഇടപെടലുകൾ, മൊത്തത്തിലുള്ള ഡിജിറ്റൽ പ്രവർത്തനം എന്നിവയെക്കുറിച്ച് കൂടുതൽ തീവ്രമായ അവലോകനം പ്രതീക്ഷിക്കണമെന്ന് ആഗോള ഇമിഗ്രേഷൻ നിയമ സ്ഥാപനമായ ഫ്രാഗോമെനിലെ സീനിയർ കൗൺസിലറായ മിച്ച് വെക്സ്ലർ പറഞ്ഞു.

