പാരീസ് : ലോക പ്രശസ്തമായ പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍ നടന്ന 102 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന രത്‌ന കൊള്ളയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ആദ്യ പിടിവള്ളിയായി ഡിഎന്‍എ സാംപിള്‍. മോഷ്ടാക്കള്‍ തിടുക്കത്തില്‍ നടത്തിയ മോഷണത്തിനിടെ ഉപേക്ഷിച്ച വസ്തുക്കളില്‍ നിന്ന് പൊലീസ് ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചെന്ന് ഫ്രഞ്ച് അധികൃതര്‍ എബിസി ന്യൂസിനോട് പറഞ്ഞു. ഇത് അന്വേഷണത്തിന് വഴിത്തിരിവാകുകയും മോഷ്ടാക്കളെ തിരിച്ചറിയാന്‍ സഹായിക്കുമെന്നുമാണ് പ്രതീക്ഷ. കവര്‍ച്ചയില്‍ മോഷ്ടാക്കള്‍ ഉപയോഗിച്ച ഒരു ഹെല്‍മെറ്റില്‍ നിന്നും കയ്യുറയില്‍ നിന്നുമാണ് ഡിഎന്‍എ കണ്ടെത്തിയിരിക്കുന്നത്.
ഞായറാഴ്ച രാവിലെയാണ് ലൂവ്രെ മ്യൂസിയത്തിലെ വന്‍ കവര്‍ച്ചയെ കുറിച്ചുള്ള വിവരങ്ങള്‍ പറഞ്ഞുവരുന്നത്. നെപ്പോളിയന്‍ കാലഘട്ടത്തിലെ ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കവര്‍ച്ചയെ തുടര്‍ന്ന് ലൂവ്രെ മ്യൂസിയം അടച്ചുപൂട്ടി. മോഷണ വിവരം ഔദ്യോഗികമായി അറിയിച്ചത് ഫ്രാന്‍സിന്റെ സാംസ്‌കാരിക മന്ത്രി റാച്ചിദ ദാതിയാണ്. മോഷണത്തിനു പിന്നാലെ താന്‍ രാജി സമര്‍പ്പിച്ചതായി ലൂവ്രെ ഡയറക്ടര്‍ വെളിപ്പെടുത്തിയിരുന്നു.
വന്‍ കവര്‍ച്ച എന്നാണ് ഈ സംഭവത്തെ ഫ്രാന്‍സ് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് വിശേഷിപ്പിച്ചത്. ഏഴു മിനിറ്റിലാണ് കവര്‍ച്ച നടത്തിയതെന്നും മോഷ്ടിച്ച ഒമ്പത് ആഭരണങ്ങള്‍ കോടികള്‍ വിലമതിക്കുന്നതാണെന്നും ലോറന്റ് നുനെസ് പറഞ്ഞു.

