തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ സൈബർ ആക്രമണം. അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റുകൾക്ക് താഴെയാണ് വിമർശനങ്ങളും പരിഹാസങ്ങളും നിറയുന്നത്. പലതും കോൺഗ്രസ് പേരിൽ പ്രവർത്തിക്കുന്ന സൈബർ ഹാൻഡിലുകളിൽനിന്നാണ്.
റീൽസിലും സമൂഹമാധ്യമങ്ങളിലുമല്ല ജനങ്ങളുടെ ഹൃദയങ്ങളിലാണ് കോൺഗ്രസ് ജീവിക്കുന്നതെന്ന് കഴിഞ്ഞ ദിവസം സതീശൻ തുറന്നടിച്ചിരുന്നു. ഇതോടെയാണ് ആക്രമണങ്ങളുടെ മൂർച്ച കൂടിയത്. യൂത്ത് കോൺഗ്രസ് നേതാവിനെതിരായ പൊലീസ് മർദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്ന ദിവസം മുഖ്യമന്ത്രിയുടെ ഓണവിരുന്നിൽ സതീശൻ പങ്കെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്ഷേപങ്ങൾ അധികവും. രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ കാരണക്കാരൻ സതീശനാണെന്നാണ് മറ്റൊരു വിമർശനം. കസ്റ്റഡി മർദനങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് ആരോപിച്ചുള്ള സതീശന്റെ ഫേസ്ബുക് പോസ്റ്റിന് താഴെയുള്ള ഭൂരിഭാഗം കമന്റുകളും ആക്ഷേപങ്ങളാണ്. കടന്നാക്രമണം പരിധിവിട്ടിട്ടും കോൺഗ്രസ് നേതൃത്വത്തിൽ അധികമാരും പ്രതിരോധവുമായി രംഗത്തെത്തിയിട്ടില്ല.
പാർട്ടിക്കുള്ളിൽനിന്ന് കാര്യമായ പ്രതികരണങ്ങളുണ്ടാകാത്തതിൽ വി.ഡി. സതീശന് ഒപ്പമുള്ളവർക്കും അസംതൃപ്തിയുണ്ട്. ഇതിനിടെ നേതാക്കളുടെ മൗനത്തെ വിമർശിച്ചും യൂത്ത് കോൺഗ്രസ് ഭാരവാഹികളിൽ ചിലർ രംഗത്തെത്തി. ‘നേതാക്കളുടെ മൗനം കുലം മുടിക്കാനുള്ള പ്രോത്സാഹനം’ എന്നാണ് ഒരു നേതാവിന്റെ പ്രതികരണം. ‘ഇത്രയും വലിയ സൈബർ ആക്രമണം ഉണ്ടായിട്ട് എന്തുകൊണ്ട് നേതാക്കൾ മിണ്ടുന്നില്ല’ എന്ന ചോദ്യമാണ് മറ്റൊരു ഭാരവാഹിയിൽനിന്നുണ്ടായത്. ഇതിനിടെ റോജി എം. ജോൺ എം.എൽ.എ സതീശന് പിന്തുണയുമായെത്തി.
സൈബർ ആക്രമണം സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമാണെന്ന് ആരോപിച്ച റോജി, പാർട്ടിയെയും മുന്നണിയെയും ഒറ്റക്കെട്ടായി പ്രതിരോധിക്കാനുള്ള ഉത്തരവാദിത്വം നാം ഏറ്റെടുക്കണമെന്നും ഫേസ്ബുക് പോസ്റ്റിൽ ആവശ്യപ്പെട്ടു. സൈബർ ആക്രമണങ്ങൾക്കിടെയും നിലപാടിൽ ഉറച്ചുനിൽക്കാനാണ് വി.ഡി. സതീശന്റെ തീരുമാനം. ഇതിനിടെ, രാഹുൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ചും വ്യത്യസ്ത അഭിപ്രായങ്ങളാണുയരുന്നത്.

