Friday, December 5, 2025
HomeIndiaഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് സോണിയ ഗാന്ധിയുടെ പേര് വോട്ടർപട്ടികയിൽ: ആരോപണവുമായി ബിജെപി, തള്ളി കോൺഗ്രസ്

ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് സോണിയ ഗാന്ധിയുടെ പേര് വോട്ടർപട്ടികയിൽ: ആരോപണവുമായി ബിജെപി, തള്ളി കോൺഗ്രസ്

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് സോണിയ ഗാന്ധിയുടെ പേര് വോട്ടർപട്ടികയിൽ ചേർത്തുവെന്ന ബി.ജെ.പി ആരോപണം തള്ളി കോൺഗ്രസ്. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആരുടെയും സോണിയ ഗാന്ധി കാലുപിടിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് താരിഖ് അൻവർ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ സ്വമേധയാ ചേർത്തതാണെന്നും അതിന് കമീഷനാണ് ഉത്തരവാദിയെന്നും താരിഖ് അൻവർ പറഞ്ഞു. സ്വതന്ത്ര ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷൻ സ്വയമേയാണ് തീരുമാനങ്ങൾ എടുക്കുക. എന്നാൽ, ഇന്ന് തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിയുടെ ഭാഗമായി മാറിയിരിക്കുന്നു. അതിൽ നിന്ന് കമീഷൻ പുറത്തുവന്ന് സ്വതന്ത്രമായി പ്രവർത്തിക്കണമെന്നും താരിഖ് അൻവർ ആവശ്യപ്പെട്ടു.

ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന് മുമ്പ് സോണിയ ഗാന്ധിയുടെ പേര് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയെന്ന ഗുരുതര ആരോപണമാണ് ബി.ജെ.പി ഉന്നയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം പ്രതിരോധിക്കാനാണ് സോണിയ ഗാന്ധിക്കെതിരെ ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയത്.

ഇറ്റലിയിൽ ജനിച്ച സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന് മൂന്നു മാസം മുമ്പ് 1980ൽ വോട്ടർപട്ടികയിൽ പേര് ചേർത്തതെന്നാണ് ബി.ജെ.പി എം.പി അനുരാഗ് താക്കൂറിന്‍റെ ആരോപണം. ബി.ജെ.പി ഐ.ടി സെൽ ചീഫ് അമിത് മാളവ്യ എക്സ് പോസ്റ്റിൽ പങ്കുവെച്ച 1980ലെ പോളിങ് സ്റ്റേഷനിൽ നിന്നുള്ള ഇലക്ട്രറൽ റോളിന്‍റെ പകർപ്പാണ് ആരോപണത്തിന് താക്കൂർ ചൂണ്ടിക്കാട്ടിയത്

സഫ്ദർ റോഡിലെ 145 നമ്പർ പോളിങ് സ്റ്റേഷനിൽ നിന്നുള്ള ഇലക്ട്രറൽ റോളിൽ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി, മനേക ഗാന്ധി എന്നിവരുടെ പേരുകൾക്കൊപ്പം സോണിയ ഗാന്ധിയുടെ പേരുള്ളതായി കാണാം. ആ സമയത്തും സോണിയ ഇറ്റാലിയൻ പൗരയായിരുന്നുവെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.1947ൽ ഇറ്റലിയിൽ ജനിച്ച സോണിയ രാജീവ് ഗാന്ധിയെ വിവാഹം ചെയ്തതിന് പിന്നാലെ 1968ലാണ് ഇന്ത്യയിലെത്തുന്നത്. 1950ലെ റെപ്രസെന്‍റേഷൻ ഓഫ് പീപ്പിൾ ആക്ട് പ്രകാരം ഇന്ത്യൻ പൗരത്വമില്ലാത്ത ഒരാൾക്ക് ഇലക്ട്രറൽ റോളിൽ പേര് ചേർക്കാൻ കഴിയില്ല.

1980 ജനുവരി ഒന്നിന് ന്യൂഡൽഹി പാർലമെന്‍റ് മണ്ഡലത്തിലെ ഇലക്ട്രറൽ റോൾ പുതുക്കി.അതിൽ സോണിയയുടെ പേര് 145ാം നമ്പർ പോളിങ് സ്റ്റേഷനിലെ 388ാം നമ്പറിൽ ചേർത്തുവെന്ന് മാളവ്യ ആരോപിച്ചു. 1982ൽ പേര് നീക്കം ചെയ്ത് 1983ൽ വീണ്ടും കൂട്ടിച്ചേർത്തുവെന്ന് അദ്ദേഹം ആരോപിച്ചു. 1983 ഏപ്രിൽ 30നാണ് സോണിയക്ക് പൗരത്വം ലഭിക്കുന്നത്. എന്നാൽ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് ജനുവരി ഒന്നിനും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments