വാഷിങ്ടന്‍ : റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ശിക്ഷയായി യുഎസ് ഇന്ത്യയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ വലിയ തീരുവ റഷ്യയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്ന് ട്രംപ്. വൈറ്റ് ഹൗസിലെ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ ഈ അവകാശവാദം. ആഗോള സമ്മര്‍ദ്ദങ്ങളും ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ തീരുവകളും റഷ്യയുടെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചെന്നും ട്രംപ് പറയുന്നു.
”റഷ്യ വലിയ രാജ്യമാണ്. നന്നായി മുന്നോട്ടു പോകാന്‍ അതിശയകരമായ സാധ്യതകള്‍ അവര്‍ക്കുണ്ട്. പക്ഷേ, അതിനു കഴിയുന്നില്ല. നിലവില്‍ അവരുടെ സമ്പദ്വ്യവസ്ഥയ്ക്ക് കാര്യമായ പുരോഗതിയില്ല. തീരുവ ഏര്‍പ്പെടുത്തിയത് സമ്പദ്വ്യവസ്ഥയുടെ വര്‍ച്ചയെ വളരെയധികം തടസ്സപ്പെടുത്തിയിട്ടുണ്ട്”- ട്രംപ് അവകാശപ്പെട്ടു.
റഷ്യയോട് വ്യാപാരബന്ധം പുലര്‍ത്തുന്നുവെന്ന് കാട്ടി ഇന്ത്യക്കുള്ള തീരുവ യുഎസ് 50 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ആദ്യം 25 ശതമാനം പ്രഖ്യാപിച്ചശേഷം വീണ്ടും 25 ശതമാനം തീരുവ പ്രഖ്യാപിക്കുകയായിരുന്നു. ഓഗസ്റ്റ് 27ന് 50 ശതമാനം തീരുവ നിലവില്‍വരും.
മറ്റു പല രാജ്യങ്ങളും റഷ്യയില്‍നിന്ന് എണ്ണ വാങ്ങുമ്പോള്‍ ഇന്ത്യയ്ക്കുമാത്രം ഇത്രയും തീരുവ ചുമത്തുന്നത് അന്യായമാണെന്നാണ് കാട്ടി ഇന്ത്യ പ്രതികരിച്ചിരുന്നു. എണ്ണ ഇറക്കുമതി ചെയ്ത് റഷ്യക്ക് ഇന്ത്യ നല്‍കുന്ന പണം യുക്രെയ്ന്‍ യുദ്ധത്തിനാണ് ഉപയോഗിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ നീക്കം.

