ന്യൂയോര്‍ക്ക് : 2024ൽ ലോകത്ത് ഏറ്റവും ഉയർന്ന കൊലപാതക നിരക്ക് വാഷിങ്ടൻ ഡിസിയിലാണെന്ന് വൈറ്റ് ഹൗസ് കണക്കുകൾ പറയുന്നു. ഡൽഹി, ഇസ്‌ലാമാബാദ്, പാരിസ്, ലണ്ടൻ, ലോകമെമ്പാടുമുള്ള മറ്റ് നഗരങ്ങളിലെ കൊലപാതക നിരക്കുകളും വൈറ്റ് ഹൗസ് റിപ്പോർട്ടിലുണ്ട്. “ബൊഗോട്ട, മെക്സിക്കോ സിറ്റി, തുടങ്ങി നഗരങ്ങളെ അപേക്ഷിച്ച് ഇന്ന് വാഷിങ്ടൻ ഡിസിയിലെ കൊലപാതക നിരക്ക് കൂടുതലാണ്. ഡിസിയെ സുരക്ഷിതമാക്കൂ,” എന്നാണ് വൈറ്റ് ഹൗസിന്റെ സമൂഹ മാധ്യമ പോസ്റ്റിൽ പറയുന്നത്.
2024ൽ ഒരു ലക്ഷം പേരിൽ എത്ര കൊലപാതകങ്ങൾ നടക്കുന്നു എന്നതിന്റെ ചാർട്ടാണ് വൈറ്റ് ഹൗസ് പ്രസിദ്ധീകരിച്ചത്. 27.54 എന്ന കൊലപാതക നിരക്കുമായി യുഎസ് തലസ്ഥാനം പട്ടികയിൽ ഒന്നാമതാണ്. ലോകമെമ്പാടുമുള്ള മറ്റ് മുൻനിര നഗരങ്ങളെ അപേക്ഷിച്ച് വാഷിങ്ടൻ ഡിസി കൊലപാതക നിരക്കിൽ എങ്ങനെ മുന്നിലെത്തിയെന്ന് താരതമ്യം ചെയ്യുന്നതാണ് റിപ്പോര്‍ട്ട്.
ബൊഗോട്ട (15.1), മെക്സിക്കോ സിറ്റി (10.6), ഇസ്‌ലാമാബാദ് (9.2), ഒട്ടാവ (2.17), പാരിസ് (1.64), ഡൽഹി (1.49), ലണ്ടൻ (1.1) എന്നിവയാണ് പട്ടികയിലുള്ള മറ്റു നഗരങ്ങൾ. വാഷിങ്ടൻ ഡിസിയിൽ ക്രമസമാധാനപാലനവും പൊതു സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനും ഭവനരഹിതർക്കെതിരെ പോരാടുന്നതിനും നാഷനൽ ഗാർഡിനെ വിന്യസിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. നഗരം ഇനി നിയമവിരുദ്ധ വ്യക്തികളുടെ സങ്കേതമായിരിക്കില്ലെന്നും ട്രംപ് പറഞ്ഞു.