വാഷിങ്ടൻ : മധ്യപൂർവദേശത്തേക്കു യുഎസ് കുടുതൽ യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ നീക്കം തുടങ്ങിയതായി വാർത്താ ഏജൻസി ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു. ഇറാൻ – ഇസ്രയേൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിലാണ് നീക്കം. എഫ് 16, എഫ് 22, എഫ് 35 യുദ്ധവിമാനങ്ങളാണ് യുഎസ് വിന്യസിക്കുന്നതെന്നാണ് സൂചന.
വിമാനവാഹിനി കപ്പലുകളും ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലുകളും മേഖലയിൽ വിന്യസിക്കുമെന്നും സൂചനയുണ്ട്. ഏരിയൽ ഇന്ധന ടാങ്കുകൾ സംഘർഷ മേഖലയിലേക്കു തിരിച്ചു. ഇസ്രയേൽ വിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നിറയ്ക്കുന്നതിനാണിതെന്നാണ് സൂചന. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ പെന്റഗൺ തയാറായില്ല.
മധ്യപൂർവദേശത്തുള്ള യുഎസ് സൈനികരുടെ സുരക്ഷ കണക്കിലെടുത്താണ് നീക്കമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് പറഞ്ഞു. മധ്യപൂർവദേശത്ത് യുഎസിന്റെ നാൽപതിനായിരം സൈനികരും വ്യോമപ്രതിരോധ സംവിധാനങ്ങളും പോർവിമാനങ്ങളും യുദ്ധക്കപ്പലുകളുമുണ്ട്.
അതേസമയം, യുഎസിൽ നിന്ന് ബങ്കർ ബസ്റ്റിങ് ബോംബുകൾ ഇസ്രയേൽ ആവശ്യപ്പെട്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇറാന്റെ ഭൂഗർഭ കേന്ദ്രങ്ങളിലുള്ള ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നതിനാണിതെന്നാണ് സൂചന. യുഎസിന്റെ തുടർനീക്കങ്ങൾ തീരുമാനിക്കാൻ വൈറ്റ് ഹൗസിൽ അടിയന്തിര യോഗം ചേർന്നു.