വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പേരിൽ മൊബൈൽ ഫോണും റീചാർജ് പ്ലാനും അവതരിപ്പിച്ച് കുടുംബ സ്ഥാപനമായ ദ് ട്രംപ് ഓർഗനൈസേഷൻ കമ്പനി. 499 ഡോളർ (43,000 രൂപ) വിലയുള്ള ‘ടി1’ സ്മാർട്ഫോൺ ആണ് ‘ട്രംപ് മൊബൈൽ’ ബ്രാൻഡിൽ വിപണിയിൽ ഇറക്കുന്നത്.
സെപ്റ്റംബറിൽ വിപണയിൽ വിൽപനക്കെത്തുന്ന ഫോണിനായി 100 ഡോളർ (8,600 രൂപ) മുൻകൂർ നൽകി ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്. ആവശ്യക്കാർ മുൻകൂർ ബുക്കിങ്ങിന് ശ്രമിച്ച് ട്രംപ് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രവർത്തനരഹിതമാകുന്ന സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രതിമാസം 47.45 ഡോളറിന്‍റെ (4,000 രൂപ) റീചാർജ് പ്ലാൻ ആണ് ട്രംപ് കമ്പനി അവതരിപ്പിച്ചത്. അൺലിമിറ്റഡ് കോളും എസ്.എം.എസും ഡേറ്റയും (ഇന്‍റർനെറ്റ് സൗകര്യം) വാഗ്ദാനം ചെയ്യുന്നു. ഇതിനോടൊപ്പം 24*7 റോഡ്സൈഡ് അസിസ്റ്റൻസും ടെലിഹെൽത്ത് സേവനവും അടക്കം ‘ദ് 47 പ്ലാൻ’ ഉറപ്പു നൽകുന്നുണ്ട്.
ഇന്ത്യ അടക്കം 100ഓളം രാജ്യങ്ങളിലേക്ക് അൺലിമിറ്റഡ് കോളും മൊബൈൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. രണ്ടാംവട്ടം പ്രസിഡന്‍റായ ട്രംപ് അമേരിക്കയുടെ 47മത് ഭരണാധികാരിയാണ്. ഇത് അനുസ്മരിക്കുന്നതാണ് ‘ദ് 47 പ്ലാൻ’.
അതേസമയം, റീചാർജ് പ്ലാനിനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. അമേരിക്കയിലെ മുൻനിര ടെലികോ കമ്പനികളായ വെറൈസൺ, ടി-മൊബൈൽ, എ.ടി ആൻഡ് ടി എന്നിവ പ്രതിമാസം 25-30 ഡോളറിന്‍റെ (2,500 രൂപ) പ്ലാനുകളാണ് നിലവിൽ നൽകുന്നത്.
ടി1 സ്മാർട്ട്ഫോണിന് സ്വർണനിറമാണ് ട്രംപ് കമ്പനി നൽകിയിട്ടുള്ളത്. ‘മേക്ക് അമേരിക്ക ഗ്രെയ്റ്റ് എഗൈൻ’ എന്ന ട്രംപിന്‍റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യവും യു.എസ് ദേശീയ പതാകയും ഫോണിൽ ആലേഖനം ചെയ്തിട്ടുണ്ട്. ‘അമേരിക്കയുടെ അഭിമാനം ഉയർത്തിപ്പിടിക്കും ഒപ്പം നിൽക്കും’ എന്ന് പറയുന്ന ട്രംപ് കമ്പനി, കുറഞ്ഞ നിരക്കിൽ കൂടുതൽ സേവനം നൽകുന്നുവെന്ന് അവകാശപ്പെടുന്നു.
ടി1 മൊബൈലിൽ ആൻഡ്രോയിഡ് 15 ഓപറേറ്റിങ് സിസ്റ്റമാണ് ഉള്ളത്. 6.8 ഇഞ്ച് അമോലെഡ് സ്ക്രീൻ, 16 മെഗപിക്സൽ സെൽഫി കാമറ, 50 എം.പി പിൻ കാമറ, ഫിങ്ഗർപ്രിന്റ് സെൻസർ, എ.ഐ ഫേസ് അൺലോക്ക്, 5,000 എം.എ.എച്ച് ബാറ്ററി, ഫാസ്റ്റ് ചാർജിങ് സൗകര്യം.
അതേസമയം, ലൈസൻസിങ് കരാർ പ്രകാരമാണ് സ്മാർട്ട്ഫോൺ വിപണിയിൽ ഇറക്കുന്നതെന്നും ഫോണിന്റെ രൂപകൽപന, നിർമാണം, വിതരണം എന്നിവക്ക് ട്രംപ് കമ്പനിയായ ട്രംപ് ഓർഗനൈസേഷനോ അനുബന്ധ സ്ഥാപനങ്ങൾക്കോ ബന്ധമില്ലെന്നും വ്യക്തമാക്കുന്നു.
ട്രംപ് ബ്രാൻഡിൽ വാച്ചുകൾ കമ്പനി പുറത്തിറക്കിയിരുന്നു. റിയൽ എസ്റ്റേറ്റ്, ആഡംബര ഹോട്ടൽ, ഗോൾഫ് റിസോർട്ട് തുടങ്ങിയ ബിസിനസ് സംരംഭങ്ങളിലാണ് പ്രധാനമായി ട്രംപ് ഓർഗനൈസേഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡിജിറ്റൽ മീഡിയ, ക്രിപ്റ്റോ കറൻസി എന്നിവയിലേക്കും ട്രംപ് കമ്പനി തിരിഞ്ഞിട്ടുണ്ട്.