Friday, December 5, 2025
HomeNewsകഞ്ചാവ് കേസിൽ എംഎൽഎ യു പ്രതിഭയുടെ മകനെ ഉൾപ്പടെ ഏഴുപേരെ ഒഴിവാക്കിയുള്ള കുറ്റപത്രം...

കഞ്ചാവ് കേസിൽ എംഎൽഎ യു പ്രതിഭയുടെ മകനെ ഉൾപ്പടെ ഏഴുപേരെ ഒഴിവാക്കിയുള്ള കുറ്റപത്രം സമർപ്പിച്ച് എക്‌സൈസ്

ആലപ്പുഴ: കഞ്ചാവ് കേസിൽ നിന്നും സിപിഎം എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് ഉൾപ്പടെ ഏഴുപേരെ ഒഴിവാക്കിയുള്ള കുറ്റപത്രം സമർപ്പിച്ചു. അമ്പലപ്പുഴ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ രണ്ട് പ്രതികൾ മാത്രമാണുള്ളത്. യു പ്രതിഭയുടെ മകൻ കനിവിനെ ഒൻപതാം പ്രതിയായി ആദ്യം എഫ് ഐ ആർ ഇട്ട കേസിലാണ് കനിവ് ഉൾപ്പടെ ഏഴു പേരെ ഒഴിവാക്കി കുറ്റപത്രം. തെളിവുകളുടെ അഭാവത്തിൽ ഏഴു പേരെ ഒഴിവാക്കിയതായി എക്സൈസ് ഇടക്കാല റിപ്പോർട്ട് നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു.

ഡിസംബർ 28 നാണ് ആലപ്പുഴ തകഴിയിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെ കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരിക്കെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കേസിൽ ഒൻപതാം പ്രതിയായിരുന്നു കനിവ്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസ്. ജാമ്യം കിട്ടാവുന്ന വകുപ്പുകളായതിനാൽ പ്രതികളെ ജാമ്യത്തിൽ വിട്ടു. മകനെതിരെ കേസെടുത്തത് വ്യാജ വാർത്തയെന്നായിരുന്നു യു പ്രതിഭ എംഎൽഎ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്. പിന്നാലെ എഫ്ഐആർ പുറത്ത് വന്നതോടെ വിവാദം രൂക്ഷമായി. തുടർന്ന് എക്സൈസിനെതിരെ നിയമസഭയിലും സിപിഎം ജില്ലാ സമ്മേളനത്തിലും യു പ്രതിഭ രൂക്ഷമായ വിമർശനം ഉന്നയിച്ചു. മാത്രവുമല്ല എക്സൈസ് ഉദ്യോഗസ്ഥർ ക്കെതിരെ യു പ്രതിഭ മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടർന്ന് ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എസ് അശോക് കുമാർ നടത്തിയ അന്വേഷണത്തിൽ കേസെടുത്ത ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നായിരുന്നു കണ്ടെത്തൽ.

ഒന്നും രണ്ടും പ്രതികളിൽ നിന്നാണ് മൂന്ന് ഗ്രാം കഞ്ചാവും കഞ്ചാവ് ഉപയോഗിക്കുന്നതിനായി തയ്യാറാക്കിയ ബോങ് എന്ന വസ്തുവും പിടിച്ചെടുത്തത്. മറ്റുള്ളവരെ പ്രതി ചേർക്കുന്നതിനുള്ള തെളിവുകൾ ഇല്ല. പ്രതികളെ കസ്റ്റഡിയിൽ എടുത്തപ്പോൾ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയില്ല, ഇവർ കഞ്ചാവ് വലിക്കുന്നത് നേരിട്ട് കണ്ട സാക്ഷികൾ ഇല്ല. അതിനാൽ മൂന്ന് മുതൽ ഒൻപത് വരെയുള്ള പ്രതികൾക്കെതിരെ കേസ് നിലനിൽക്കില്ലെന്നാണ് കണ്ടെത്തൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments