Friday, December 5, 2025
HomeNewsകെ.സി. വേണുഗോപാലിന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്; തിരിച്ചടിച്ച് കെ.പി.സി.സി അധ്യക്ഷൻ

കെ.സി. വേണുഗോപാലിന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്; തിരിച്ചടിച്ച് കെ.പി.സി.സി അധ്യക്ഷൻ

മലപ്പുറം: ദേശീയപാത തകർന്ന സംഭവത്തിലെ കെ.സി. വേണുഗോപാലിന്‍റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് കെ.പി.സി.സി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ്. മന്ത്രിക്ക് ആദ്യം തള്ളലായിരുന്നുവെന്നും പിന്നെ പാതയിൽ വിള്ളലും ഇപ്പോൾ തുള്ളലുമാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.വാദിയെ പ്രതിയാക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. കുരിയാട് ദേശീയപാത തകർന്ന സ്ഥലം സന്ദർശിക്കാൻ പോലും മന്ത്രി തയാറായിട്ടില്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നിലമ്പൂരിൽ യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെയാണ് ദേശീയപാത തകർന്ന സംഭവത്തിൽ കേരള സർക്കാരിനെ കെ.സി. വേണുഗോപാൽ രൂക്ഷമായി വിമർശിച്ചത്. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് കേരളത്തിലെ ദേശീയപാത നിര്‍മാണത്തില്‍ നടന്നിരിക്കുന്നതെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയും ദേശീയപാത ചെയര്‍മാനും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് നല്‍കിയ കണക്കുകള്‍ പറയുന്നതെന്നാണ് വേണുഗോപാൽ ചൂണ്ടിക്കാട്ടിയത്.

വേണുഗോപാലിന്‍റെ പരാമർശത്തിനെതിരെ ഇന്ന് രംഗത്തുവന്ന മന്ത്രി റിയാസ്, വേണുഗോപാൽ കാലന്‍റെ പണിയെടുക്കാൻ നോക്കിയാലും പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് പറഞ്ഞു. പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കും. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ സുപ്രീംകോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിക്കേണ്ടെന്നും മന്ത്രി വ്യക്തമാക്കി.യു.ഡി.എഫ് ഭരിച്ചപ്പോൾ നടപ്പാക്കാൻ ത്രാണിയില്ലാത്തവർ നല്ല രീതിയിൽ പദ്ധതി മുന്നോട്ടു പോകുമ്പോൾ അത് മുടക്കാനായി കാലന്‍റെ പണി എടുത്താൽ അതിനോട് സന്ധി ചെയ്യാൻ ഇടത് സർക്കാർ തയാറല്ല. ദേശീയപാത തകർന്ന സംഭവത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെടില്ല. കേന്ദ്ര സർക്കാറിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. കരാറിലും ഉപകരാറിലും അഴിമതി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി വ്യക്തമാക്കി.

അലൈൻമെന്‍റ് മുതൽ നിർമാണം പൂർത്തിയാക്കുന്നത് വരെയുള്ള പൂർണ ഉത്തരവാദിത്തം ദേശീയപാത അതോറിറ്റിക്കാണ്. ആ ഉത്തരവാദിത്തം നിർവഹിക്കുന്നതിന് ദേശീയപാത അതോറിറ്റിക്ക് ചില സഹായ വേണം. ആ സഹായം ചെയ്യുകയും ഇടപെടുകയും സംസ്ഥാന സർക്കാർ ചെയ്തിട്ടുണ്ട്. നിർമാണത്തിൽ സർക്കാറിനോ പൊതുമരാമത്ത് വകുപ്പിനോ റോളില്ല. ഭൂമി വിട്ടുകൊടുക്കുക മാത്രമാണ് കേരള സർക്കാറിന്‍റെ ദൗത്യമെന്നും മന്ത്രി റിയാസ് ചൂണ്ടിക്കാട്ടി.

ലോകത്തിൽ റീൽസ് ഉപയോഗിക്കുന്നവർ താനോ സി.പി.എം പ്രവർത്തകരോ അല്ല. വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സമൂഹമാധ്യമങ്ങളിൽ എല്ലാ വകുപ്പുകളും പരിശോധിക്കുന്നുണ്ട്. ഞങ്ങൾ നല്ലത് ചെയ്യുമ്പോൾ അത് ജനങ്ങളിൽ എത്തിക്കരുതെന്ന് പറയുന്നത് ശരിയാണോ. റീൽസ് എന്ന് വിളിച്ച് രാവിലെ കരയുകയും ഉച്ചക്ക് 10 റീൽസ് ഇടുകയും ചെയ്യുന്ന പ്രതിപക്ഷ നേതാക്കന്മാരാണ് കേരളത്തിലുള്ളതെന്നും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം നിലമ്പൂരിൽ യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെയാണ് ദേശീയപാത തകർന്ന സംഭവത്തിൽ കേരള സർക്കാറിനെ കെ.സി. വേണുഗോപാൽ രൂക്ഷമായി വിമർശിച്ചത്. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് കേരളത്തിലെ ദേശീയപാത നിര്‍മാണത്തില്‍ നടന്നിരിക്കുന്നതെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയും ദേശീയപാത ചെയര്‍മാനും നല്‍കിയ കണക്കുകള്‍ പറയുന്നതെന്നാണ് പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാൻ കൂടിയായ വേണുഗോപാൽ ചൂണ്ടിക്കാട്ടിയത്.

പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റി പറഞ്ഞിട്ടാണ് ദേശീയപാത ചെയര്‍മാനും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയും അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രി മലപ്പുറത്ത് വരുമ്പോള്‍ ദേശീയപാത തകര്‍ന്ന കൂരിയാട് സന്ദര്‍ശിക്കുമെന്നാണ് കരുതിയത്. ദേശീയപാത തകര്‍ച്ചയില്‍ അന്വേഷണം നടത്തണമെന്ന് പോലും ഇതുവരെ മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല. അതെല്ലാം ശരിയാകുമെന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ഇതിലെ അഴിമതിയും കൊള്ളയും ശരിയാകുമെന്നാണോ പറയുന്നതെന്നും കെ.സി. വേണുഗോപാൽ ചോദിച്ചിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments