ഗാസസിറ്റി: ഗാസയിലേക്കുള്ള എല്ലാ മാനുഷിക സഹായവും തടഞ്ഞ ഇസ്രായേലിനോട് ഗാസയിലേക്ക് സഹായമെത്തിക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ലിയോ പതിന്നാലാമന്‍ മാര്‍പാപ്പ.
ഗാസയിലെ സ്ഥിതി പൂര്‍വാധികം ആശങ്കാജനകവും ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തന്റെ ആദ്യ പ്രതിവാരകൂടിക്കാഴ്ചയില്‍ തീര്‍ഥാടകരെ അഭിസംബോധനചെയ്യുകയായിരുന്നു മാര്‍പാപ്പ.
പലസ്തീനിലെ കുട്ടികളുള്‍പ്പെടെയുള്ള ദുര്‍ബലവിഭാഗങ്ങളെ ഇല്ലാതാക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.ഗാസയെ പട്ടിണിക്കിടുന്ന നീക്കമാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഒരു മാസത്തിനിടെ ആശുപത്രികളിലും അഭയാര്‍ത്ഥി ക്യാമ്പുകളിലും അടക്കം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 3340 പേരാണ് കൊല്ലപ്പെട്ടത്.
അതിനിടെ, ഗാസയില്‍ അന്താരാഷ്ട്ര പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിനിടെ ഇസ്രായേല്‍ സേനയുടെ വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നല്‍കിയ റൂട്ടില്‍ നിന്ന് മാറിയാണ് സംഘം സഞ്ചരിച്ചതെന്നും സംഘത്തെ സ്ഥലത്ത് നിന്ന് മാറ്റാന്‍ മുന്നറിയിപ്പായി ആണ് വെടി ഉതിര്‍ത്തതെന്നുമാണ് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.