ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം. ജമ്മു താഴ്‌വാരയിലൂടെ കടന്നുപോകുന്ന ശ്രീനഗര്‍-ജമ്മു ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. ട്രക്കുകള്‍ അടക്കമുള്ള വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളില്‍ ഒന്നായ റംബാനില്‍ ഒന്നിലധികം മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. റംബാനിലെ ധരം കുണ്ഡ് ഗ്രാമത്തില്‍ ഏകദേശം 40 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു, കുടുങ്ങിക്കിടക്കുന്ന നൂറിലധികം ഗ്രാമീണരെ പൊലീസ് ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തി.
കനത്ത മഴയില്‍ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ നഷ്രിക്കും ബനിഹാലിനും ഇടയില്‍ പത്തിലേറെ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. ഇവിടങ്ങളിലായി നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. കാലാവസ്ഥ മെച്ചപ്പെടുകയും റോഡ് വൃത്തിയാക്കുകയും ചെയ്യുന്നതുവരെ പ്രധാന പാതയിലൂടെ സഞ്ചരിക്കരുതെന്ന് യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.