തിരുവനന്തപുരം: വര്‍ക്കലയിൽ ലക്ഷക്കണക്കിന് രൂപ വിലയുള്ള ഭൂമി, റീസര്‍വേ കഴിഞ്ഞപ്പോള്‍ പ്രവാസിക്ക് നഷ്ടമായി. വര്‍ക്കല കടൽത്തീരത്തോട് ചേര്‍ന്ന് കുടുംബസ്വത്തായി കിട്ടിയ സ്ഥലമാണ് ഡോ.എ നജീദിന് നഷ്ടമായത്. പിഴവ് തിരുത്തി ഭൂമി അളന്ന് തിരിച്ച് നൽകണമെന്ന അപേക്ഷ നൽകി നജീദ് ഓഫീസുകള്‍ കയറി ഇറങ്ങുമ്പോൾ അതേ ഭൂമി കയ്യേറി റിസോര്‍ട്ടിന് വഴി വെട്ടി. സമീപത്തെ പുറമ്പോക്കും കയ്യേറിയെങ്കിലും റവന്യൂ അധികൃതര്‍ അനങ്ങുന്നില്ല.
വര്‍ക്കല തിരുവമ്പാടി ബീച്ചിന് സമീപം കിടക്കുന്ന കണ്ണായ ഭൂമിയാണ്. നജീദ് കരമടക്കുന്നുണ്ട്. സ്കെച്ചും രേഖകളും എല്ലാം കയ്യിലുണ്ട്. റിസര്‍വെ കഴിഞ്ഞുപ്പോൾ പഴയ സര്‍വെ നമ്പര്‍ 36 പ്രകാരമുള്ള 16 സെന്റ് കാണാനില്ല. സര്‍വെ നമ്പര്‍ 35ൽപ്പെട്ട ഭൂമിയിൽ ഒരു ഭാഗവും നഷ്ടമായി.
വര്‍ക്കല ഇടവ പ്രദേശങ്ങളുടെ അതിര്‍ത്തിയിൽ കിടക്കുന്ന ഭൂമിയാണ്. സമീപത്തായി റിസോര്‍ട്ട് നിര്‍മാണം. റിസോര്‍ട്ട് നിര്‍മിക്കുന്ന സ്ഥലത്തേയ്ക്ക് രേഖകള്‍ അനുസരിച്ച് ഈ ഭൂമിയിലൂടെ വഴിയില്ല. പക്ഷേ റവന്യൂ അധികൃതരുടെ ഒത്താശയോടെ റിസോര്‍ട്ട് ഉടമ കയ്യേറി വഴി വെട്ടിയെന്നാണ് പരാതി. സമീപത്തെ തോട് അടക്കം സര്‍ക്കാര്‍ ഭൂമിയും കയ്യേറി നികത്തി.
കരമടയ്ക്കുന്ന സ്വന്തം ഭൂമി തിരിച്ചു കിട്ടാൻ 2016 മുതൽ റവന്യു ഓഫീസുകൾ കയറി ഇറങ്ങുകയാണ് നജീദ്. നടപടി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സഹികെട്ട് പരാതി നൽകി. പക്ഷേ ആര്‍ക്കെതിരെ പരാതി നൽകിയാലും അവസാനം ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ കയ്യിൽ തന്നെയെത്തും. നജീദിന്‍റെ ഭൂമി തിരിച്ചു നൽകുന്നത് പോയിട്ട്, പാരിസ്ഥിതിക പ്രാധാന്യമുള്ള സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാൻ പോലും റവന്യു ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യമില്ല.