കൊച്ചി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികാര തീരുവ ചുമത്തലിൽ ലോകവിപണി ആടിയുലഞ്ഞതോടെ തുടർച്ചയായ നാലാം ദിവസവും സ്വർണവില കുറഞ്ഞു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8,225 രൂപയും പവന് 65,800 രൂപയുമായി.
ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഏപ്രിൽ മൂന്ന്) സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയതിന് പിന്നാലെയാണ് തുടർദിവസങ്ങളിൽ കുത്തനെ വില കുറഞ്ഞത്.
68,480 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വില. എന്നാൽ, ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം വന്നതിന് പിന്നാലെ വിപണി തകർന്നടിഞ്ഞു. തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച 1280 രൂപ കുറഞ്ഞ് 67,200ലേക്ക് താഴ്ന്നു. ശനിയാഴ്ച 90 രൂപ ഗ്രാമിനും 720 രൂപ പവനും കുറഞ്ഞു. 66480 രൂപയായിരുന്നു അന്നത്തെ വില.
അവധി ദിനമായ ഞായറാഴ്ച ഇതേ വില തുടർന്നെങ്കിലും ഇന്നലെ വീണ്ടും താഴ്ന്നു. പവന് 200 രൂപ കുറഞ്ഞ് 66,280 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 68,480 എന്ന റെക്കോഡ് വിലയിൽ നിന്ന് തുടർച്ചയായ നാലു ദിവസം കൊണ്ട് 2,680 രൂപയാണ് പവന് കുറഞ്ഞത്.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികാര തീരുവ ചുമത്തൽ, വ്യാപാര യുദ്ധത്തിലേക്കും ആഗോളസാമ്പത്തികമാന്ദ്യത്തിലേക്കും നയിക്കുമെന്ന ആശങ്ക ലോക വിപണികളെ ഉലക്കുന്നതാണ് സ്വർണവിലയെയും സ്വാധീനിക്കുന്നത്.കുത്തനെ കൂട്ടിയ തീരുവയിൽനിന്ന് പിന്നോട്ടില്ലെന്ന് ട്രംപ് ആവർത്തിച്ച് പ്രഖ്യാപിച്ചതോടെ ഇന്നലെ വിപണി കുത്തനെ ഇടിഞ്ഞിരുന്നു. വരാനിരിക്കുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകളെന്ന ആശങ്ക കൂടുതൽ പരിഭ്രാന്തിയിലേക്കാണ് വിപണികളെ നയിക്കുന്നത്.
ട്രംപ് ചുമത്തിയ പകരച്ചുങ്കവും ചൈന ഉൾപ്പെടെ രാജ്യങ്ങളുടെ തിരിച്ചടിയും പണപ്പെരുപ്പത്തിനും സാമ്പത്തിക വളർച്ചാ മാന്ദ്യത്തിനും ഇടയാക്കുമെന്ന ആശങ്കയിൽ നിക്ഷേപകർ ഓഹരികൾ വിറ്റൊഴിഞ്ഞ് സ്വർണം ഉൾപ്പെടെ മറ്റ് സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിയുകയാണ്. പകരച്ചുങ്കം പിൻവലിക്കാനോ കുറക്കാനോ ട്രംപ് തയാറാകാത്തപക്ഷം നിരവധി രാജ്യങ്ങളുടെ സമ്പദ്‍വ്യവസ്ഥ തന്നെ തകിടംമറിയും.
അമേരിക്കക്കനുകൂലമായ വ്യാപാര കരാറുകളുണ്ടാക്കാൻ മറ്റ് രാജ്യങ്ങളെ നിർബന്ധിക്കുകയെന്ന തന്ത്രവും ട്രംപ് പയറ്റുന്നുണ്ട്. ഇന്ത്യ, ഇസ്രായേൽ, വിയറ്റ്നാം തുടങ്ങി 50ഓളം രാജ്യങ്ങൾ കരാറുണ്ടാക്കാൻ സന്നദ്ധത അറിയിച്ചതായി വൈറ്റ്ഹൗസ് നാഷനൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ കെവിൻ ഹാസെറ്റ് പറഞ്ഞു. ആഗോള എണ്ണ വിലയിലും വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ബ്രന്റ് ക്രൂഡ് ഓയിൽ വില 2021 ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. ബാരലിന് 63.15 ഡോളറാണ് പുതിയ വില.
ആഗോള തകർച്ചക്കുമുന്നിൽ ഇന്ത്യൻ ഓഹരി വിപണിക്കും പിടിച്ചുനിൽക്കാനായില്ല. വ്യാപാരത്തുടക്കത്തിൽ സെൻസെക്സ് 3,939.68 പോയന്റും നിഫ്റ്റി 1,160.8 പോയന്റും ഇടിഞ്ഞു. പിന്നീട് തകർച്ചയിൽനിന്ന് അൽപം കരകയറിയ സെൻസെക്സ് 2227 പോയന്റ് നഷ്ടത്തിൽ 73,137.90ലും നിഫ്റ്റി 743 പോയന്റ് താഴ്ന്ന് 22,161.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിക്ഷേപകർക്ക് 14 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഒറ്റദിവസം സംഭവിച്ചത്. ഹിന്ദുസ്ഥാൻ യൂണിലിവർ ഒഴികെ സെൻസെക്സ് സൂചികയിലെ മറ്റ് 29 ഓഹരികളും നഷ്ടത്തിലായി. 50 ഓഹരികളടങ്ങിയ നിഫ്റ്റി 50 സൂചികയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 49 ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.