വംശനാശത്തിനും ആഗോള തകർച്ചയ്‌ക്കും കാരണമാകുന്ന കൂറ്റൻ ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യം വച്ച് കുതിക്കുന്നുവെന്ന് ഇസ്രോ. 2029 ഏപ്രിൽ 13-ന്, ‘അപ്പോഫിസ്’ ഭൂമിയുമായി ഏറ്റവുമടുത്ത് എത്തുമെന്ന് ഇസ്രോ മുന്നറിയിപ്പ് നൽകുന്നു.
ഭൂമിയിൽ നിന്ന് 32,000 കിലോമീറ്റർ ഉയരത്തിലാണ് അപ്പോഫിസ് എത്തുക. ഇത്രയടുത്ത് ഒരു ഛിന്നഗ്രഹവും ഇതിന് മുൻപ് എത്തിയിട്ടില്ലെന്ന് ഇസ്രോ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. 340 മുതൽ 450 മീറ്റർ വരെ വ്യാസമുള്ളതാണ് ഈ ഛിന്നഗ്രഹം. ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയെക്കാളും ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തേക്കാളും വലുതാണ് അപ്പോഫിസ് ഛിന്നഗ്രഹം. അപ്പോഫിസിന്റെ വലുപ്പം ഊഹിക്കുമ്പോൾ തന്നെ അത് സൃഷ്ടിക്കുന്ന ആഘാതത്തെ കുറിച്ചും സങ്കൽപിക്കാവുന്നതാണ്.
അപ്പോഫിസ് ഭൂമിയിൽ ഇടിച്ചാൽ വലിയൊരു ജൈവവൈവിധ്യ കലവറ തന്നെ ഇല്ലാതാകുമെന്നും ഒരുപാട് നാശനഷ്ടങ്ങൾ സംഭവിക്കുമെന്നും ഐഎസ്ആർഒ മുന്നറിയിപ്പ് നൽകുന്നു. ഇസ്രോയുടെ നെറ്റ്‌വർക്ക് ഫോർ സ്‌പേസ് ഒബ്ജക്റ്റ്സ് ട്രാക്കിംഗ് ആൻഡ് അനാലിസിസ് (NETRA) വകുപ്പാണ് ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നത്.
2004-ലാണ് അപ്പോഫിസിനെ ആദ്യമായി കണ്ടെത്തിയത്. പിന്നീട് ഇത് ഭൂമിയോട് കൂടുതൽ അടുത്ത് വരുന്നതായി ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെട്ടു. 2029-ലോ 2036-ലോ ഇത് ഭൂമിയിൽ വന്നിടിച്ചേക്കാമെന്നാണ് ഇസ്രോയുടെ വിലയിരുത്തൽ. എന്നാൽ ഇത് പറന്നുയരാനുള്ള സാധ്യതയും തള്ളികളയുന്നില്ല.
ഈ പ്രതിസന്ധി ഒഴിവാക്കാൻ ലോകത്തിലെ പ്രമുഖ ബഹിരാകാശ ഏജൻസികൾ കൈകോർക്കുന്നുണ്ട്. നാസയുടെ ഡബിൾ ആസ്റ്ററോയിഡ് റീഡയറക്ഷൻ ടെസ്റ്റ് (DART) പോലെയുള്ള ബഹിരാകാശ പേടകം ഉപയോഗിച്ച് ഛിന്നഗ്രഹത്തെ ഭൂമിയിൽ നിന്ന് അകറ്റാനുള്ള വഴികളുണ്ട്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ദൗത്യമായ റാപ്പിഡ് അപ്പോഫിസ് മിഷൻ ഫോർ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി (റാംസെസ്) എന്ന പേരിൽ 2028-ൽ വിക്ഷേപിച്ചേക്കും. ഈ ദൗത്യത്തിൽ ഇന്ത്യയും പങ്കുച്ചേരുമെന്ന് ഇസ്രോ മേധാവി എസ്. സേമനാഥ് അറിയിച്ചു.
140 മീറ്റർ വ്യാസത്തിന് മുകളിലുള്ള വസ്തുക്കളും ഭൂമിയോട് ചേർന്ന് കടന്നുപോകുന്നത് അപകടകരമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. 300 മീറ്ററിൽ കൂടുതലാണ് വ്യാസമെങ്കിൽ ഭൂഖണ്ഡങ്ങളുടെ തകർച്ചയ്‌ക്ക് തന്നെ കാരണമാകും. 10 കിലോമീറ്ററിലധികമാണ് വ്യാസമെങ്കിൽ ഒരുപക്ഷേ ഭൂമിയുടെ നാശത്തിന് തന്നെ കാരണമാകും. 650 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് 10-15 കിലോമീറ്റർ വ്യാസമുള്ള ഒരു ഛിന്നഗ്രഹം മെക്സിക്കോയിൽ ഇടിച്ചതാണ് ഭൂമിയിൽ വിഹരിച്ചിരുന്ന ദിനോസറുകളുടെയും 70 ശതമാനത്തിലേറെ ജീവികളുടെയും വംശനാശത്തിന് കാരണമായത്. 5,00,000 വർഷങ്ങൾക്ക് മുൻപ് മഹാരാഷ്‌ട്രയിലെ ലോനാറിൽ ഉൾക്ക പതിച്ചിരുന്നു. ഇന്ന് അതൊരു മഹാ ഗർത്ത തടാകമായി നിലകൊള്ളുന്നു.