Sunday, October 25, 2026
HomeAmericaഅമേരിക്കൻ എംബസികളും കോൺസുലേറ്റുകളും ആക്രമിക്കാൻ ഇറാൻ ഒരുങ്ങുന്നതായി യുഎസ് രഹസ്യന്വേഷണ വിഭാഗം

അമേരിക്കൻ എംബസികളും കോൺസുലേറ്റുകളും ആക്രമിക്കാൻ ഇറാൻ ഒരുങ്ങുന്നതായി യുഎസ് രഹസ്യന്വേഷണ വിഭാഗം

അമേരിക്കൻ ഉദ്യോഗസ്ഥരെയും നയതന്ത്ര പ്രതിനിധികളെയും ലക്ഷ്യമിട്ട് ഇറാൻ വധപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ചില പദ്ധതികള്‍ വിപുലമായ ഘട്ടത്തിലെത്തിയതായും ഇറാന്റെ നീക്കങ്ങള്‍ ഗണ്യമായി വർധിച്ചതായും ആക്സിയോസ് റിപ്പോർട്ട് ചെയ്തു.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മധ്യപൂർവദേശത്തെ വിവിധ എംബസികളിലും കോണ്‍സുലേറ്റുകളിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ അമേരിക്ക തീരുമാനിച്ചു. ഇറാനുമായുള്ള സംഘർഷം മേഖലയില്‍ കൂടുതല്‍ വ്യാപിക്കാനുള്ള സാധ്യതയും യുഎസ് വിലയിരുത്തുന്നുണ്ട്. ദേശീയ രഹസ്യാന്വേഷണ ഡയറക്ടർ ജെയ് ക്ലെയ്റ്റണ്‍ ഒക്ടോബർ 23ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് അയച്ച മെമ്മോയിലാണ് ഇറാന്റെ നീക്കങ്ങളെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയത്.

മധ്യപൂർവദേശത്തും മറ്റ് ചില രാജ്യങ്ങളിലുമുള്ള അമേരിക്കൻ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് മെമ്മോയില്‍ പറയുന്നു. എന്നാല്‍ ലക്ഷ്യങ്ങളുടെയും പദ്ധതികളുടെയും കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.സുരക്ഷാ അനുമതിയുള്ള വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരങ്ങള്‍ കൈമാറിയതായും കൂടുതല്‍ ജീവനക്കാർക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി രഹസ്യാന്വേഷണ വിവരങ്ങളുടെ രഹസ്യസ്വഭാവം കുറയ്ക്കാൻ തയ്യാറാണെന്നും ക്ലെയ്റ്റണ്‍ വ്യക്തമാക്കി.

സൗദി അറേബ്യയിലെ റിയാദിലുള്ള യുഎസ് എംബസിയില്‍നിന്നും ജിദ്ദ, ധഹ്‌റാൻ കോണ്‍സുലേറ്റുകളില്‍നിന്നും കുടുംബാംഗങ്ങളെയും അത്യാവശ്യമല്ലാത്ത ജീവനക്കാരെയും ഒഴിപ്പിക്കാൻ നേരത്തേ നിർദേശം നല്‍കിയിരുന്നു. വെള്ളിയാഴ്ച യുഎഇ, ലബനൻ, ഖത്തർ, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ നയതന്ത്ര കാര്യാലയങ്ങളിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു.

ഹൂതി വിമതരുടെ ആക്രമണഭീഷണിയും ഇറാന്റെ ആക്രമണപദ്ധതികളുമാണ് നടപടിക്ക് കാരണമെന്നാണ് യുഎസ് ഉദ്യോഗസ്ഥന്റെ വിശദീകരണം. അത്യാവശ്യ ജീവനക്കാരെ മാത്രം നിലനിർത്താനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയ്ക്ക് പുറത്തേക്കും ആക്രമണം വ്യാപിപ്പിക്കുമോയെന്ന ആശങ്കയും അമേരിക്കയ്ക്കുണ്ട്. മധ്യപൂർവദേശത്ത് സംഘർഷം ശക്തമായ ഘട്ടങ്ങളില്‍ വാണിജ്യ കപ്പലുകളെയും പ്രാദേശിക സൈനിക കേന്ദ്രങ്ങളെയും ഹൂതികള്‍ ലക്ഷ്യമിട്ടിട്ടുണ്ട്.

അതേസമയം, ഇറാനുമായുള്ള സംഘർഷത്തെക്കുറിച്ച്‌ വെള്ളിയാഴ്ച ഫ്ലോറിഡയില്‍ നടന്ന റാലിയില്‍ സംസാരിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ചർച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ കൂടുതല്‍ സൈനിക നടപടി സ്വീകരിച്ചേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. നമുക്ക് വീണ്ടും ഒരു ചെറിയ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ നടത്താം. അല്ലെങ്കില്‍ ഇറാൻ കരാറിന് സമ്മതിക്കണമെന്നും ട്രംപ് പറഞ്ഞു. കൂടുതല്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കണമെങ്കില്‍ ഇറാൻ ചർച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments