Wednesday, October 21, 2026
HomeNewsമാസപ്പടി കേസിൽ പിണറായിക്ക് ആശ്വാസം: തുടർ അന്വേഷണ നടപടികൾ തടഞ്ഞ് സുപ്രീം കോടതി

മാസപ്പടി കേസിൽ പിണറായിക്ക് ആശ്വാസം: തുടർ അന്വേഷണ നടപടികൾ തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി : വിവാദമായ സിഎംആർഎൽ–എക്സാലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയുള്ള വിജിലൻസ് തുടർ അന്വേഷണ നടപടികൾ സുപ്രീം കോടതി തടഞ്ഞു. കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെത്തുടർന്ന് വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലെ തുടർനടപടികളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.

ഹർജിയിലെ നിയമപരമായ ചോദ്യങ്ങളിൽ അന്തിമ തീരുമാനമാകുന്നതുവരെ അന്വേഷണവുമായി മുന്നോട്ടു പോകരുതെന്ന് കോടതി നിർദ്ദേശിച്ചു. കേസ് തുടർനടപടികൾക്കായി കേരള ഹൈക്കോടതിയിലേക്ക് തന്നെ സുപ്രീം കോടതി തിരിച്ചയച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ സുപ്രീം കോടതിയുടെ പ്രത്യേക അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് പരിഗണിക്കുന്നതിനിടെ സംസ്ഥാന സർക്കാരിനും വിജിലൻസിനുമെതിരെ കോടതി രൂക്ഷമായ അതൃപ്തി രേഖപ്പെടുത്തി. ഹൈക്കോടതി ഉത്തരവ് വന്നയുടൻ, ഒരൊറ്റ ദിവസം കൊണ്ട് തിടുക്കപ്പെട്ട് വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത സംസ്ഥാന സർക്കാരിന്റെ നടപടിയെ സുപ്രീം കോടതി ബെഞ്ച് ചോദ്യം ചെയ്തു.

നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ, പ്രാഥമിക അന്വേഷണം (ത്വരിതാന്വേഷണം) പോലും നടത്താതെ നേരിട്ട് എഫ്‌ഐആർ ഇട്ട വിജിലൻസ് രീതി തെറ്റായ നടപടിക്രമമാണെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി ചൂണ്ടിക്കാട്ടി. എഫ്‌ഐആർ എന്നത് വ്യക്തികേന്ദ്രീകൃതമല്ലെന്ന കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ചില നിരീക്ഷണങ്ങളോട് സുപ്രീം കോടതി വിയോജിച്ചു.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ഡിവിഷൻ ബെഞ്ച് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പിണറായി വിജയനും കുടുംബവും സുപ്രീം കോടതിയെ സമീപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments