ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ഏഴ് ദിവസത്തെ വെടിനിർത്തലിനുമായി മുന്നോട്ടുവെച്ച നിബന്ധനകളിൽ മാറ്റമില്ലെന്ന് ഇറാൻ വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിൽ ഇറാൻ സമർപ്പിച്ച വെടിനിർത്തൽ നിർദ്ദേശത്തിന്മേൽ അമേരിക്ക നൽകിയ പ്രതികരണങ്ങൾ ടെഹ്‌റാൻ ഇപ്പോഴും വിലയിരുത്തി വരികയാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഞായറാഴ്ച അറിയിച്ചു. ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘തസ്നിമിനോട്’ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്ക ഇറാൻ തുറമുഖങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിച്ചാൽ മാത്രമേ ചർച്ചകൾ പുനരാരംഭിക്കുകയും ജലപാത തുറന്നുകൊടുക്കുകയും ചെയ്യൂ എന്നാണ് ഇറാന്റെ നിലപാട്. തങ്ങൾ മുന്നോട്ടുവെച്ച ഏഴു ദിവസത്തെ സമയപരിധിയെക്കുറിച്ച് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയത് ഇങ്ങനെയാണ്: “അമേരിക്ക ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കുകയാണെങ്കിൽ, ആറാം ദിവസം ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കും. തുടര്‍ന്ന് ഏഴാം ദിവസം ഇരുവിഭാഗങ്ങളും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ ആരംഭിക്കുന്നതാണ്.
”ഇറാൻ മുന്നോട്ടുവെച്ചിട്ടുള്ള നിബന്ധനകളെല്ലാം തികച്ചും ന്യായമാണെന്നും, ഹോർമുസ് കടലിടുക്ക് തുറക്കാൻ അമേരിക്കയ്ക്ക് ആത്മാർത്ഥമായ താല്പര്യമുണ്ടെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ നിബന്ധനകൾ നിറവേറ്റാൻ അവർക്ക് സാധിക്കുമെന്നും അരാഗ്ചി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര എണ്ണവ്യാപാരത്തെയും ചരക്കുനീക്കത്തെയും ബാധിക്കുന്ന ഈ തന്ത്രപ്രധാന മേഖലയിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ അമേരിക്കയുടെ ഭാഗത്തുനിന്നുള്ള അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഇറാൻ

