Sunday, October 18, 2026
HomeNewsഎണ്ണക്ക് മേലുള്ള ട്രംപിന്റെ ഉപരോധം ഒഴിവാക്കിയത് ഇന്ത്യയ്ക്ക് ആശ്വാസം; റഷ്യൻ എണ്ണ ഇന്ത്യക്ക്...

എണ്ണക്ക് മേലുള്ള ട്രംപിന്റെ ഉപരോധം ഒഴിവാക്കിയത് ഇന്ത്യയ്ക്ക് ആശ്വാസം; റഷ്യൻ എണ്ണ ഇന്ത്യക്ക് യഥേഷ്ടം വാങ്ങാം

വാഷിംഗ്ടൺ/ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർണായകമായ ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു. റഷ്യയിൽ നിന്നും ഇറാനിൽ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും 100% വരെ നികുതിയും ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ‘ലിൻഡ്സെ ഒ. ഗ്രഹാം റഷ്യ ആൻഡ് ഇറാൻ ഉപരോധ നിയമ’ത്തിലെ (Graham Act) വ്യവസ്ഥകളാണ് ട്രംപ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. അമേരിക്കയുടെ ദേശീയ താല്പര്യം മുൻനിർത്തിയാണ് ഈ നടപടിയെന്ന് ട്രംപ് വ്യക്തമാക്കി.

അന്തരിച്ച പ്രമുഖ യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പാസാക്കിയ നിയമമാണിത്. സെപ്റ്റംബർ പകുതിയോടെയാണ് ട്രംപ് ഈ ബില്ലിൽ ഒപ്പുവെച്ചത്. റഷ്യൻ അസംസ്കൃത എണ്ണയോ വാതകമോ ഇറക്കുമതി ചെയ്യുന്ന ഏറ്റവും വലിയ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക്, നിയമം പ്രാബല്യത്തിൽ വന്ന് 30 ദിവസത്തിനകം 15% മുതൽ 100% വരെ പിഴ നികുതി ചുമത്താൻ ഈ നിയമം പ്രസിഡന്റിന് പൂർണ്ണ അധികാരം നൽകിയിരുന്നു. കൂടാതെ, റഷ്യയെ ഉപരോധങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന രാജ്യങ്ങളും ഇതിന്റെ പരിധിയിൽ വരുമായിരുന്നു. ഈ നിയമത്തിലെ പല കടുത്ത വ്യവസ്ഥകളും പ്രാബല്യത്തിൽ വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ട്രംപിന്റെ അടിയന്തര ഇടപെടൽ.

“ഗ്രഹാം ആക്റ്റിൽ വ്യവസ്ഥ ചെയ്തിട്ടുള്ള ഇത്തരം ഉപരോധങ്ങളും നിയന്ത്രണങ്ങളും നികുതികളും നടപ്പിലാക്കുന്നത് ഞാൻ ഇതിനാൽ ഒഴിവാക്കുന്നു,” വെള്ളിയാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച ഉത്തരവിൽ ട്രംപ് വ്യക്തമാക്കി. ഈ ഘട്ടത്തിൽ ഇളവ് നൽകുന്നത് യുഎസിന്റെ ദേശീയ താല്പര്യങ്ങൾക്ക് അത്യാവശ്യമാണെന്ന് കാണിച്ച് അദ്ദേഹം യുഎസ് കോൺഗ്രസിന് സർട്ടിഫിക്കറ്റും സമർപ്പിച്ചു. യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ പരസ്യമായി വിമർശിക്കുകയും യുക്രൈന് പുതിയൊരു നേതാവിനെ ആവശ്യമുണ്ടെന്ന് ട്രംപ് പരസ്യമായി പറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റഷ്യയോടുള്ള ഈ മൃദുസമീപനം എന്നത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാണ്.

നിലവിൽ റഷ്യയാണ് ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണ രാജ്യം. യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതോടെ റഷ്യ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ വിലക്കിഴിവിൽ എണ്ണ നൽകാൻ തുടങ്ങിയിരുന്നു.ഇപ്പോൾ യുഎസ് നികുതി ഒഴിവാക്കിയതോടെ ഇന്ത്യയ്ക്ക് വലിയൊരു സാമ്പത്തിക പ്രതിസന്ധി ഒഴിവായി. അമേരിക്ക 100% നികുതി ചുമത്തിയിരുന്നെങ്കിൽ അത് ഇന്ത്യൻ കയറ്റുമതി മേഖലയെ തകർക്കുമായിരുന്നു. കാരണം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. കൂടാതെ, പശ്ചിമേഷ്യയിൽ (മിഡിൽ ഈസ്റ്റ്) സംഘർഷം കടുക്കുകയും ഹോർമൂസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസ്സപ്പെടുകയും ചെയ്തതോടെ ഇന്ത്യ റഷ്യൻ എണ്ണയെ വലിയ തോതിൽ ആശ്രയിച്ചിരുന്നു. ഉപരോധം വന്നിരുന്നെങ്കിൽ റഷ്യൻ എണ്ണ ഇന്ത്യയ്ക്ക് ലാഭകരമല്ലാതാവുകയും രാജ്യത്ത് കടുത്ത എണ്ണ പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്യുമായിരുന്നു. ഈ ഉപരോധ ഭീഷണി കാരണം ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ സ്തംഭനാവസ്ഥയിലായിരുന്നു. ഇപ്പോൾ തടസ്സങ്ങൾ നീങ്ങിയതോടെ കരട് തയ്യാറായിരിക്കുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ അനുകൂലമായ പുരോഗതി പ്രതീക്ഷിക്കാം.

അമേരിക്കൻ നികുതി ഭീഷണി ഒഴിഞ്ഞെങ്കിലും, റഷ്യൻ എണ്ണയ്ക്കായി ഇന്ത്യയ്ക്ക് ചൈനയുമായി കടുത്ത മത്സരം നേരിടേണ്ടി വരും. വരും മാസങ്ങളിൽ റഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതി കുറയുമെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യൻ യുദ്ധം കാരണം വിതരണം തടസ്സപ്പെട്ടതോടെ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈന റഷ്യൻ എണ്ണ വൻതോതിൽ വാങ്ങിക്കൂട്ടുകയാണ്. ഇന്ത്യൻ റിഫൈനറികളെ അപേക്ഷിച്ച് ഉയർന്ന വില നൽകാനും എണ്ണ മുൻകൂട്ടി ബുക്ക് ചെയ്യാനും ചൈന തയ്യാറാകുന്നത് ഇന്ത്യയ്ക്ക് വരും ദിവസങ്ങളിൽ വെല്ലുവിളിയായേക്കാം. എങ്കിലും കെപ്ലർ പുറത്തുവിട്ട ഒക്ടോബറിലെ കണക്കുകൾ പ്രകാരം റഷ്യൻ എണ്ണ വിതരണം നിലവിൽ പ്രതിദിനം 2 ദശലക്ഷം ബാരലിന് മുകളിൽ സുരക്ഷിതമായി തുടരുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments